pic

കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായി മാത്രമല്ല എസ്.ഡി.പി.ഐയുമായും കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ലീഗ് നീക്ക് പോക്കുണ്ടാക്കിയത് പുറത്തായിരുന്നുവെന്നും ഇതിന് തുടർച്ചയായാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വെൽഫെയർപാർട്ടിയുമായും സഹകരിക്കാമെന്ന സർക്കുലർ ഇറക്കിയതെന്ന് എളമരം കരീം എം.പി. വെൽഫെയർ പാർട്ടി അടക്കമുള്ളവർ തീവ്രവാദ സംഘടനകൾ ആണ് എന്ന സി.പി.എമ്മിന്റെ നിലപാടിൽ മാറ്റമില്ലെന്നും എളമരം കരീം പറഞ്ഞു. വെൽഫെയർ പാർട്ടിയുമായി കൂട്ടു കൂടാനുള്ള ലീഗ് നീക്കത്തിന് മതേതര പാർട്ടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് മറുപടി പറയണമെന്നും അദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമായിരുന്നു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ പ്രദേശിക കൂട്ടുകെട്ട് ഉണ്ടാക്കണമെന്ന സർക്കുലർ മുസ്ലീംലീഗ് കീഴ് ഘടകങ്ങൾക്ക് അയച്ചത്. ജയം മാത്രമാണ് ലക്ഷ്യമെന്നും ജയിക്കാൻ സാദ്ധ്യത കുറഞ്ഞ പഞ്ചായത്ത്-മുനിസിപ്പാലിറ്റികളിൽ സഖ്യം ആലോചിക്കണമെന്നുമാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്. പ്രത്യേക വിഭാഗങ്ങളുമായോ സംഘടനകളുമായോ നീക്കുപോക്കു നടത്താം. പൊതുസമ്മതിയുള്ള സ്വതന്ത്രരെ മത്സരിപ്പിക്കാമെന്നും നിർദേശമുണ്ട്. മൂന്ന് തവണ മത്സരിച്ചയാൾക്ക് സീറ്റ് നൽകേണ്ടതില്ലെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് ആർ.എസ്.എസ് സംഘപരിവാർ സംഘടനകൾ ഉയർത്തുന്ന വർഗീയ പ്രചാരണങ്ങൾക്കെതിരെ മത നിരപേക്ഷ കക്ഷികൾ ഒന്നിക്കേണ്ട സമയമാണിത്. അതിനിടയിൽ സങ്കുചിത താത്പര്യത്തിന് വേണ്ടി മുസ്ലീം വർഗീയ ശക്തികളുമായി കൂട്ട് കൂടുന്നത് ശരിയല്ലെന്നും എളമരംകരീം ഓർമ്മിപ്പിച്ചു.