india-china-border-

ന്യൂഡൽഹി: ഇന്ത്യ – ചൈന അതിർത്തിയായ ലഡാക്കിൽ നടന്ന സംഘർഷത്തിൽ ഇന്ത്യൻ കേണലും രണ്ട് ജവാന്മാരും വീരമൃത്യു വരിച്ചു. ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബുവാണ് വീരമൃത്യു വരിച്ചത്. 16 ബിഹാർ ബറ്റാലിയന്റെ കമാൻഡിംഗ് ഓഫിസറാണ് സന്തോഷ്. സംഘർഷത്തിൽ ചൈനീസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യ അറിയിച്ചു.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അടിയന്തര ചർച്ച നടത്തി. സംയുക്ത സേനാ മേധാവിയും മൂന്നു സേനകളുടെ തലവന്മാരും ചർച്ചയിൽ പങ്കെടുത്തു. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ് ഇരു സേനകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

കിഴക്കൻ ല‍ഡാക്കിലെ അതിർത്തിയിൽ ഗൽവാൻ താഴ്‍വരയിൽ നിലയുറപ്പിച്ചിട്ടുള്ള ഇൻഫൻട്രി ബറ്റാലിയന്റെ കമാൻഡിംഗ് ഓഫിസറാണ് കൊല്ലപ്പെട്ട കേണൽ. ഇന്ത്യ – ചൈന സംഘർഷത്തിൽ 1975നു ശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഇരു രാജ്യങ്ങളിലെയും അതിർത്തി കമാൻഡർമാർ യോഗം ചേരുകയാണ്. ഇന്ത്യ – ചൈന അതിർത്തിയിൽ ഏപ്രിൽ മുതൽ ഇരുസേനകളും മുഖാമുഖം നിൽക്കുന്ന സ്ഥിതിയാണുള്ളത്.

ചൈനയുമായുള്ള അതിർത്തിത്തർക്കം പരിഹരിക്കുന്നതിന് ബ്രിഗേഡിയർ, കേണൽ തലത്തിൽ ഇന്നലെയും ചർച്ച നടന്നെങ്കിലും പിൻമാറ്റം സംബന്ധിച്ചു ധാരണയായിരുന്നില്ല. സൈനികർ കൊല്ലപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ ഏകപക്ഷീയമായ നടപടി എടുക്കരുത്. പ്രകോപനം ഉണ്ടാക്കരുത്. ഇന്ത്യയാണ് അതിർത്തി ലംഘിച്ച് ആക്രമണം നടത്തിയതെന്നും ചൈന ആരോപിച്ചു.