തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് പെട്ടെന്ന് മനസിലാകാത്ത ഒരു 'ഇനം' സൂത്രത്തിൽ ഉൾപ്പെടുത്തി, ഉപയോഗിക്കാത്ത വൈദ്യുതിക്കു കൂടി പണം പിടുങ്ങാനുള്ള ശ്രമമാണ് വൈദ്യുതി ബില്ലുകളിലെ ഭീമമായ തുകയ്ക്ക് കാരണം. ലോക്ക് ഡൗൺ മൂലം മീറ്റർ റീഡിംഗ് എടുക്കാതിരുന്ന ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വൈദ്യുതി ഉപഭോഗത്തിന് ഡോർ ലോക്ക് അഡ്ജസ്റ്റ്മെന്റ് എന്ന പേരിൽ ബില്ലിൽ തുക ഉൾപ്പെടുത്തിയാണ് തട്ടിപ്പ്.
വീട് അടഞ്ഞുകിടന്നതുകൊണ്ട് റീഡിംഗ് എടുക്കാൻ പറ്റാത്തതു മൂലമുള്ള അഡ്‌ജസ്റ്റ്‌മെന്റാണ് പോലും, ബില്ലിൽ സൂത്രത്തിൽ കാണിച്ചിരിക്കുന്ന ഈ തുക! വൈദ്യുതി മീറ്റർ വീടിന്റെ പുറം ഭിത്തിയിൽ സ്ഥാപിച്ചിട്ടുള്ളവർക്കു വരെ കിട്ടി, വാതിൽ അടച്ചിട്ടിരുന്നുവെന്ന പേരിലുള്ള ഇരുട്ടടി.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വൈദ്യുതി ജീവനക്കാർ മീറ്റർ റീഡിംഗ് എടുത്തിരുന്നില്ല. ലോക്ക് ഡൗണിനു ശേഷം മേയ് അവസാന വാരമാണ് വീണ്ടും മീറ്റർ റീഡിംഗ് എടുത്തത്. ബിൽ തയ്യാറാക്കിയത് ജനുവരി അവസാനപാദം മുതൽ ഉപയോഗിച്ച വൈദ്യുതി എത്രയെന്ന് നോക്കിയാണു താനും. നാലു മാസം ഉപയോഗിച്ച വൈദ്യുതിക്ക് ടെലിസ്കോപിക് നിരക്കിൽ തുക നിശ്ചയിക്കുക കൂടി ചെയ്തതോടെ ബിൽ തുക കുത്തനേ ഉയരുകയായിരുന്നു.
ജനുവരി അവസാനം മുതൽ മേയ് അവസാനം വരെ ഉപയോഗിച്ച യൂണിറ്റ് എത്രയെന്നു കണക്കാക്കിയാണ് തുക നിശ്ചയിച്ചതെന്നിരിക്കെ, ഒരു യൂണിറ്റും വിട്ടുപോയിട്ടില്ലെന്ന് ബിൽ തയ്യാറാക്കിയവർക്ക് നന്നായി അറിയാം. എന്നിട്ടും മീറ്റർ റീഡിംഗ് എടുക്കാൻ സാധിച്ചില്ലെന്ന മട്ടിൽ കൂടുതൽ തുക ഈടാക്കാൻ വൈദ്യുതി ബോർഡ് മുതിർന്നതാണ് ശ്രമം ബോധപൂർവമാണെന്ന സംശയത്തിനു കാരണം.
പരാതിയുണ്ടെങ്കിൽ പരിഹരിക്കാമെന്ന വൈദ്യുതി ബോർഡിന്റെ നിലപാട് ഒരു തരികിടയാണെന്നാണ് പരാതിക്കാരുടെ ബില്ലുകളിൽ നിന്ന് വ്യക്തമാകുന്നത്. മീറ്റർ റീഡിംഗിൽ വന്ന പിശകു മൂലം വൈദ്യതി ബില്ലിൽ തുക ഭീമമായി കൂടിയെന്നാണ് ഉപഭോക്താക്കൾ സംശയിക്കുക. പരാതി നൽകുന്നതും ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ്. മീറ്റർ റീഡിംഗിൽ പിശകില്ലാത്തതിനാൽ പരാതി തള്ളിക്കളയാൻ വൈദ്യുതി ബോർഡിന് അനായാസം സാധിക്കും. ഉപഭോക്താക്കളിൽ ഭൂരിഭാഗവും പരാതി നൽകാൻ മുതിരില്ലെന്ന കണക്കുകൂട്ടലും വൈദ്യുതി ബോർഡിനുണ്ട്. എന്നാൽ, പരാതി ഹൈക്കോടതിയിൽ എത്തിയതോടെ കണക്കുകൂട്ടൽ തെറ്റുമെന്നാണ് ബോർഡിന്റെ ആശങ്ക.