ന്യൂഡൽഹി: ലഡാക്കിലെ ഗാൽവൻ വാലിയിൽ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സേനാമേധാവികളുടെ അടിയന്തര യോഗം വിളിച്ച് ചർച്ച ചെയ്തു. ചീഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കരവ്യോമനാവിക സേനകളുടെ മേധാവികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. പ്രതിരോധ മന്ത്രി ഉടൻ തന്നെ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അനന്തര നടപടികൾ ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്.
ഇന്നലെ രാത്രിയാണ് ഗാൽവൻ വാലിയിലെ അതിർത്തിയിൽ ചൈനീസ് ആക്രമണം ഉണ്ടായത്. രണ്ട് ഇന്ത്യൻ ജവാൻമാർക്കും ഒരു കേണലിനുമാണ് ആക്രമണത്തിൽ വീരമൃത്യു സംഭവിച്ചത്. ആന്ധ്ര സ്വദേശിയായ കേണൽ ബി സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. 45 വർഷത്തിന് ശേഷമാണ് ചൈനീസ് അതിർത്തിയിൽ മരണം ഉണ്ടാകുന്ന തരത്തിലുള്ള ഏറ്റുമുട്ടലുണ്ടാകുന്നത്. 1975ന് ശേഷം ഇവിടെ ഒരു ഇന്ത്യൻ സൈനികനും മരിച്ചിട്ടില്ല.