india-china

ന്യൂഡൽഹി: ല‍ഡാക്കിൽ ഇന്ത്യയും ചൈനയുമായി നടന്ന സംഘർഷത്തിൽ അഞ്ച് ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചൈനീസ് സേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചതായി ചൈനീസ് മാദ്ധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിർത്തിയിലെ ഗാൽവൻ താഴ്‌വരയിലാണ്‌ ഇന്ത്യ – ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിൽ കേണലുൾപ്പെടെ മൂന്ന് ഇന്ത്യൻ ജവന്മാർ വീരമൃത്യു വരിച്ചിരുന്നു.

ഇന്ത്യൻ സൈനികർ അതിർത്തി കടന്ന് ആക്രമിച്ചെന്നാണ് ചൈനയുടെ വാദം. രണ്ടുതവണ അതിർത്തി ലംഘിച്ചു. അതീവഗൗരതരമായ ഏറ്റുമുട്ടലുണ്ടായി. ഏകപക്ഷീയ നടപടി എടുത്ത് പ്രകോപനമുണ്ടാക്കരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ചർച്ചകളിലുടെ നിലവിലുള്ള പ്രശ്നം പരിഹരിക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് അതിർത്തിയിൽ സംഘർഷമുണ്ടായത്. ഇന്ന് രാവിലെ 7.30 മുതൽ അതിർത്തിയിൽ പ്രശ്നപരിഹാര ചർച്ച നടക്കുന്നു. ഇന്ത്യൻ കര, വ്യോമ സേനാ താവളങ്ങൾക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതിർത്തി താവളങ്ങളിൽ പടയൊരുക്കം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.