ബീജിംഗ്: ഈ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണിൽ മനുഷ്യരെ പോലെ തന്നെ ജീവജാലങ്ങളുള്ള ഗ്രഹങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ആദിമ കാലം മുതൽ തന്നെ അന്യഗ്രഹജീവികളെ പറ്റിയുള്ള അറിയാനുള്ള മനുഷ്യന്റെ ശ്രമങ്ങൾ ഇതേവരെ വിജയം കണ്ടിട്ടില്ല. ഭൂമിയ്ക്കു പുറത്തെ ജീവന്റെ സാന്നിദ്ധ്യം കണ്ടെത്താൻ ഇപ്പോഴും ശ്രമങ്ങൾ തുടരുകയാണ്. അന്യഗ്രഹ ജീവികൾ സഞ്ചരിക്കുന്ന പേടകങ്ങൾ എന്ന് പലരും വിശ്വസിക്കുന്ന 'യു.എഫ്.ഒ ' കൾ അഥവാ ' അൺഐഡന്റിഫൈഡ് ഫ്ലൈയിംഗ് ഒബ്ജക്ടുകൾ' കണ്ടതായി ഗവേഷകർ ഉൾപ്പെടെ പലരും പറഞ്ഞിട്ടുണ്ട്. അടുത്തിടെ ആകാശത്ത് ചലിക്കുന്ന അജ്ഞാത വസ്തുക്കളുടെ ദൃശ്യങ്ങൾ അമേരിക്കൻ എയർഫോഴ്സ് പുറത്തുവിട്ടിരുന്നു.ശരിക്കും അന്യഗ്രഹജീവികളുണ്ടോ? അതിനുത്തരം തേടിയിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് ചൈന.
ഭൂമിയിൽ മനുഷ്യർ കൊവിഡ് കാരണം നെട്ടോട്ടമോടുമ്പോഴും അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനായുള്ള തങ്ങളുടെ ബൃഹത്പദ്ധതി വരുന്ന സെപ്റ്റംബർ മാസം മുതൽ തുടങ്ങാനൊരുങ്ങുകയാണ് ചൈന. ഒരു പക്ഷേ, നാസയെ പോലും വെല്ലുവിളിക്കുന്ന നിർണായക പ്രപഞ്ച രഹസ്യങ്ങൾ കണ്ടെത്താൻ ശേഷിയുള്ള കൂറ്റൻ ഒരു റേഡിയോ ടെലിസ്കോപ്പാണ് ചൈനീസ് അണിയറയിൽ ഒരുങ്ങുന്നത്. അതാണ് ' ഫാസ്റ്റ് '.
2011ലാണ് ഫൈവ് ഹൺഡ്രഡ് മീറ്റർ അപ്പേർച്ചർ സ്ഫെറിക്കൽ ടെലിസ്കോപ്പ് അഥാവാ ' ഫാസ്റ്റ് ( FAST)' എന്ന കൂറ്റൻ ടെലിസ്കോപ്പ് ചൈന നിർമിക്കാൻ തുടങ്ങിയത്. ചൈനയുടെ സേർച്ച് ഫോർ എക്സ്ട്രാറ്റെറസ്ട്രിയൽ ഇന്റലിജൻസിന്റെ (എസ്.ഇ.ടി.ഐ) നേതൃത്വത്തിൽ ഭീമൻ ടെലിസ്കോപ്പിന്റെ നിർമാണം 2016ൽ പൂർത്തിയായി. 2020 ജനുവരിയിൽ ഈ ടെലിസ്കോപ്പ് ശാസ്ത്രജ്ഞർക്ക് കൈമാറിയിരുന്നു. എന്നാൽ നിലവിൽ ഈ ടെലിസ്കോപ്പിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ മുതൽ ഈ ടെലിസ്കോപ്പ് ഉപയോഗിച്ച് ചൈന അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങൾ ഔദ്യോഗികമായി ആരംഭിക്കുമെന്ന് എസ്.ഇ.ടി.ഐ ചൈനീസ് മാദ്ധ്യമങ്ങളോട് പറയുന്നു. പ്രപഞ്ചത്തിന്റെ വിവിധ കോണുകളിലെ റേഡിയോ സിഗ്നലുകളെ കണ്ടെത്താൻ ഈ ടെലിസ്കോപ്പിന് ശേഷിയുള്ളതായി ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
അന്യഗ്രഹജീവികൾ മാത്രമല്ല, ബ്ലാക്ക്ഹോളുകൾ, വാതക മേഘങ്ങൾ, വിവിധ ഗാലക്സികൾ തുടങ്ങി കൺമുന്നിൽ ദൃശ്യമാകുന്ന എന്തിനെയും ഈ ടെലിസ്കോപ്പ് പഠന വിധേയമാക്കും. 500 മീറ്ററാണ് ടെലിസ്കോപ്പിന്റെ വ്യാസം. 36 അടിയുള്ള 4,500 ട്രയാംഗുലാർ പാനലുകളും 33 ടൺ ഭാരമുള്ള റെറ്റിന ഉപകരണവും ടെലിസ്കോപ്പിൽ ഘടിപ്പിച്ചിരിക്കുന്നു. പ്യൂർട്ടോറിക്കോയിൽ സ്ഥാപിച്ചിട്ടുള്ള എറിസിബോ ഒബ്സർവേറ്ററി റേഡിയോ ടെലിസ്കോപ്പിനെക്കാൾ ഇരട്ടിയിലധികം നിരീക്ഷണ ശേഷിയുള്ളതാണ് ഫാസ്റ്റ് ടെലിസ്കോപ്പ്. ലോകത്തെ ഏറ്റവും നീളം കൂടിയ സിംഗിൾ അപ്പേർച്ചർ ടെലിസ്കോപ്പ് എന്ന റെക്കാഡ് എറിസിബോ ഒബ്സർവേറ്ററി റേഡിയോ ടെലിസ്കോപ്പിനായിരുന്നു. എന്നാൽ, ഇനി അത് ചൈനയുടെ ഫാസ്റ്റിന് സ്വന്തമാകും.
1994ലാണ് ഫാസ്റ്റ് ടെലിസ്കോപ്പ് നിർമിക്കാനുള്ള പദ്ധതി ആദ്യമായി ആലോചിക്കുന്നത്. എന്നാൽ, 2007 ലാണ് ഈ കൂറ്റൻ ടെലിസ്കോപ്പിന്റെ നിർമാണത്തിനാവശ്യമായ ഫണ്ട് ലഭ്യമായത്. 270 മില്യൺ ഡോളറാണ് ഫാസ്റ്റ് ടെലിസ്കോപ്പിന്റെ നിർമാണ ചെലവ്. ഇതിനോടകം തന്നെ 99 പൾസാറുകളെ ഫാസ്റ്റ് കണ്ടെത്തിയതായാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്വയം ഭ്രമണം ചെയ്യുകയും റേഡിയോ തരംഗങ്ങളുടെ രൂപത്തിൽ വൈദ്യുതകാന്തിക വികിരണം പ്രസരിപ്പിക്കുന്ന അത്യധികം കാന്തികരിക്കപ്പെട്ട ന്യൂട്രോൺ നക്ഷത്രങ്ങളാണ് പൾസാറുകൾ.
നേരത്തെ അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനായുള്ള ഗവേഷണ പദ്ധതികൾ സംഘടിപ്പിക്കുന്ന കാര്യം നാസയും വെളിപ്പെടുത്തിയിരുന്നു. ജെയിംസ് വെബ് സ്പെയ്സ് ടെലിസ്കോപ്പിന്റെ സഹായത്തോടെയാണ് നാസ അന്യഗ്രഹ ജീവികളെ തേടിയിറങ്ങാൻ പോകുന്നത്.