college
photo

തിരുവനന്തപുരം: പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കമുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് 10 ശതമാനം സംവരണം അനുവദിച്ച് ഉത്തരവായി. പത്ത് ശതമാനം സംവരണത്തിന് ഭരണഘടനാ ഭേദഗതിയും വിജ്ഞാപനവും കേന്ദ്രസർക്കാർ പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്. ന്യൂനപക്ഷ സ്ഥാപനങ്ങളിൽ ഇത് ബാധകമല്ല.

പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം അനുവദിച്ചിട്ടുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനത്തിന് 10 ശതമാനം മുന്നാക്ക സംവരണമുണ്ടാവും. പട്ടികവിഭാഗങ്ങൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്ക് ഈ സംവരണം ബാധകമല്ല. സംവരണത്തിനായി കുടുംബത്തിലെ ദത്തെടുത്ത കുട്ടികളെയും പരിഗണിക്കും. കുടുംബവാർഷിക വരുമാനം നാല് ലക്ഷം രൂപയോ അതിൽ താഴെയോ ആയിരിക്കണം. കാർഷിക വരുമാനം, സാമൂഹ്യസുരക്ഷാ പെൻഷൻ, കുടുംബ പെൻഷൻ, തൊഴിലില്ലായ്‌മാവേതനം, ഉത്സവബത്ത, വിരമിക്കൽ ആനുകൂല്യം, യാത്രാബത്ത എന്നിവ കുടുംബവാർഷിക വരുമാനം കണക്കാക്കാൻ പരിഗണിക്കും.

കുടുംബ ഭൂസ്വത്ത് പഞ്ചായത്തുകളിൽ രണ്ടര ഏക്കർ, മുനിസിപ്പാലിറ്റിയിൽ 75സെന്റ്, കോർപറേഷനിൽ 50 സെന്റിൽ കൂടരുത്. പഞ്ചായത്ത്, മുനിസിപ്പൽ കോർപറേഷൻ പ്രദേശങ്ങളിൽ ഭൂമിയുടെ വിസ്തൃതി രണ്ടര ഏക്കറിലും. മുനിസിപ്പാലിറ്റി, കോർപറേഷൻ പ്രദേശങ്ങളിലായുള്ള ഭൂസ്വത്ത് 75 സെന്റിലും കൂടരുത്. അന്യസംസ്ഥാനത്തെ ഭൂമിയും ഇതിനായി പരിഗണിക്കും. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പരമാവധി ഹൗസ് പ്ലോട്ട് വിസ്തൃതി മുനിസിപ്പാലിറ്റിയിൽ 20 സെന്റ്, കോർപറേഷനിൽ 15 സെന്റ് എന്നിങ്ങനെയാവണം. ഒന്നിലധികം ഹൗസ് പ്ലോട്ടുകളുണ്ടെങ്കിൽ കൂട്ടിച്ചേർക്കും. അപേക്ഷകർ കുടുംബത്തിന്റെ സ്വത്തുവകകൾ ഉൾപ്പെടുത്തി സത്യവാങ്മൂലം നൽകണം.

അന്ത്യോദയാ അന്നയോജന, മുൻഗണനാ വിഭാഗം റേഷൻകാർഡുള്ളവർ മറ്റ് മാനദണ്ഡങ്ങൾ പരിഗണിക്കാതെ സംവരണത്തിന് അർഹരാണ്. അന്വേഷണത്തിൽ സാമ്പത്തികമായി പിന്നാക്കമല്ലെന്ന് കണ്ടെത്തിയാൽ പ്രവേശനവും നിയമനങ്ങളും റദ്ദാക്കും. നിയമനടപടികളുമുണ്ടാവും. സാമ്പത്തികമായി പിന്നാക്കമുള്ളവരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ മൂന്ന് വർഷത്തിലൊരിക്കൽ പുനഃപരിശോധിച്ച് ഭേദഗതി വരുത്തും. പരാതികൾ പരിഹരിക്കാൻ എല്ലാ ഡയറക്ടറേറ്റുകളിലും സ്ഥാപനങ്ങളിലും സെൽ രൂപീകരിക്കുമെന്നും പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഉഷാ ടൈറ്റസിന്റെ ഉത്തരവിൽ പറയുന്നു.