pic

തിരുവനന്തപുരം:കൊവിഡ് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ട് രോഗികൾ ജീവനൊടുക്കിയ സംഭവത്തെ തുടർന്ന് കൊവിഡ് ചികിത്സാ മാർഗനിർദേശങ്ങൾ പരിഷ്ക്കരിച്ചു. രോഗികൾക്ക് ചികിത്സയ്ക്കൊപ്പം മാനസിക പിന്തുണ നൽകാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും മാനസികാരോഗ്യ വിദഗ്ധന്റെ സഹായം ഉറപ്പ് വരുത്തണമെന്നാണ് പുതിയ നിബന്ധന.ടെലി മെഡിസിൻ സേവനം, സൗജന്യ ഭക്ഷണം എന്നിവ ഉറപ്പാക്കണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശത്തിലുണ്ട്.പുതിയ നിർദേശപ്രകാരം രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെയും നേരിയ ലക്ഷണങ്ങൾ ഉള്ളവരെയും ആദ്യഘട്ടത്തിൽ പ്രാഥമിക കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചാൽ മതിയാകും. കൊവിഡ് ബാധ ഗുരുതരമെങ്കിൽ വിദഗ്ധ ചികിത്സയ്ക്കായി മാറ്റാം. രോഗബാധ കൂടുന്ന സാഹചര്യത്തിലാണ് പ്രാഥമിക പരിശോധനാ കേന്ദ്രങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനമായത്.

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലെ കൊവിഡ് സ്‌പെഷ്യാലിറ്റി ആശുപത്രികൾ തികയാതെ വന്നേക്കുമെന്ന വിലയിരുത്തലിലാണ് പുതിയ നടപടി. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെയും നേരിയ ലക്ഷണങ്ങൾ ഉള്ളവരെയും ആദ്യഘട്ടത്തിൽ സ്‌പെഷ്യാലിറ്റി ആശുപത്രികളിലേക്ക് മാറ്റേണ്ടതില്ല. പ്രാഥമിക പരിശോധനാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ച ശേഷം രോഗബാധ ഗുരുതരമെങ്കിൽ വിദഗദ്ധ ചികിത്സയ്ക്കായി മാറ്റാം. ഓഡിറ്റോറിയം, ഹാളുകൾ, ഇൻഡോർ സ്റ്റേഡിയം എന്നിവ പ്രാഥമിക പരിശോധനാ കേന്ദ്രങ്ങളായി ഉപയോഗിക്കാം.ഒരു കേന്ദ്രത്തിൽ പരമാവധി 50 പേരെ പ്രവേശിപ്പിക്കാം. 14 ദിവസത്തേക്ക് 4 ഡോക്ടർമാർക്കായിരിക്കും ഇത്തരം കേന്ദ്രങ്ങളിൽ ഡ്യൂട്ടി.