തിരുവനന്തപുരം∙ പാമ്പുപിടുത്തക്കാർക്ക് ലൈസൻസ് ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനം. ഇതുസംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് ഒരാഴ്ചക്കകം പുറത്തുവരും. അശാസ്ത്രീയമായി പാമ്പ് പിടിച്ച് അപകടത്തിൽപെടുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് വനം വകുപ്പിന്റെ നടപടി. ലൈസൻസില്ലാതെ പാമ്പു പിടിച്ചാൽ മൂന്ന് വർഷംവരെ ശിക്ഷ കിട്ടുന്ന തരത്തിൽ നിയമം പരിഷ്ക്കരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ജില്ലാ അടിസ്ഥാനത്തിൽ പാമ്പു പിടുത്തക്കാർക്ക് ലൈസൻസ് നൽകാനാണ് വനംവകുപ്പ് പദ്ധതി തയാറാക്കുന്നത്. താത്പര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ച്, ജില്ലാ അടിസ്ഥാനത്തിൽ പരിശീലനം നൽകി ലൈസൻസ് നൽകും. സുരക്ഷാ ഉപകരണങ്ങളുണ്ടെന്ന് ഉറപ്പാക്കും. ലൈസൻസുള്ളവരുടെ വിവരം തദ്ദേശ സ്ഥാപനങ്ങൾക്കും പൊലീസിനും ഫയർഫോഴ്സിനും റസി.അസോസിയേഷനുകൾക്കും നൽകും.
പാമ്പു പിടുത്തക്കാർക്ക് പരിശീലനം നേടി ലൈസൻസെടുക്കാൻ ഒരു വർഷം സമയം അനുവദിക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇതിനുശേഷമേ നിയമനടപടികൾ കർശനമാക്കൂ. അതുവരെ ബോധവത്ക്കരണ പരിപാടികൾ തുടരും. ജീവന് ഭീഷണിയാകുന്ന തരത്തിൽ പാമ്പിനെ കണ്ടാൽ ഇവരുടെ സേവനം തേടാവുന്നതാണ്.