modi

ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷ വാർത്തകൾ പുറത്തുവരുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സ്ഥിതഗതികൾ വിശദീകരിച്ചു. ചീഫ് ഡിഫൻസ് സ്റ്റാഫ് ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധാവിമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു രാജ്‌നാഥ് പ്രധാനമന്ത്രിയുടെ വസതിയിലെത്തി വിശദീകരണം നൽകിയത്.

കൊവിഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തികൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടുകൂടിയാണ് രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. സൈനിക മേധാവിമാർക്ക് പുറമെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും, രാജ്‌നാഥ് വിളിച്ച് ചേർത്ത അടിയന്തര ഉന്നതതല യോഗത്തിൽ പങ്കെടുത്തു.

യോഗം ഒന്നര മണിക്കൂറോളം നീണ്ടു നിന്നു. സംഭവം വിശദീകരിക്കുന്നതിനായി സൈന്യം ഉച്ചയ്ക്ക് രണ്ട് മണിക്ക് വാർത്തസമ്മേളനം വിളിച്ച് ചേർക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റിവച്ചു. വൈകിട്ടോടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് ആക്രമണവും സംഘർഷവും സബന്ധിച്ച് വിശദീകരണം നൽല്‍കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.