school

കിളിമാനൂർ: ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കായി കെ.എസ്.ടി.എ രണ്ടു കോടി രൂപയുടെ ടെലിവിഷൻ നൽകുന്നതിന്റെ കിളിമാനൂർ ഉപജില്ലാതല വിതരണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പാപ്പാല ഗവൺമെന്റ് എൽ.പി.എസിൽ നിർവഹിച്ചു. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അദ്ധ്യാപക സമൂഹത്തെ സജ്ജമാക്കുന്നതിൽ കെ.എസ്.ടി.എ മുൻപന്തിയിലാണെന്നും ഇത് മാതൃകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കെ.എസ്.ടി.എ സബ്ജില്ലാ പ്രസിഡന്റ് എം.എസ്. ശശികല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.വി. രാജേഷ് പദ്ധതി വിശദീകരിച്ചു. കെംഡൽ ചെയർമാൻ മടവൂർ അനിൽ സി.പി.എം ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് എസ്. ജയചന്ദ്രൻ, കെ.എസ്.ടി.എ മുൻ ജനറൽ സെക്രട്ടറി എം. ഷാജഹാൻ, പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് പി. ലാലി തുടങ്ങിയവർ പങ്കെടുത്തു.