കാട്ടാക്കട: ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച മേഖലയിൽ പണംവച്ച് രാത്രിയിൽ ചൂതാട്ടം. പരാതി ഉയർന്നതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയിൽ ചൂതാട്ട സംഘത്തെ പൊലീസ് പിടികൂടി. ഇവരെ നിസാര വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടയച്ചു. കാട്ടാക്കട ക‍ഞ്ചിയൂർകോണത്തിനടുത്ത് വീടു വാടകയ്ക്കെടുത്താണ് ചൂതാട്ടകേന്ദ്രം പ്രവർത്തിപ്പിക്കുന്നത്. രാത്രി കാറിലും മറ്റ് വാഹനങ്ങളിലുമായി നിരവധിപേരാണ് ചൂതാട്ട കേന്ദ്രത്തിലെത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ഉന്നത പൊലീസ് -രാഷ്ട്രീയ നേതാക്കളുടെ സ്വാധീനമുള്ളതിനാൽ പരാതിപ്പെട്ടിട്ടും ഫലമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ചൂതാട്ടത്തിന് ലൈസൻസ് ഉണ്ടെന്ന് നാട്ടുകാരെയും ചൂതാട്ടക്കാരെയും തെറ്റിധരിപ്പിച്ചാണ് ഇവിടെ ചൂതാട്ടം. കാട്ടാക്കട പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.