ന്യൂഡൽഹി: ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കം കേന്ദ്രസർക്കാർ ഉറപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കൊവിഡ് പോരാട്ടത്തിൽ ഇന്ത്യ ലോകത്തിന് മാതൃകയാണ്. രോഗമുക്തി നിരക്ക് അമ്പത് ശതമാനത്തിൽ കൂടുതലാണ്. കൊവിഡ് പ്രതിരോധത്തിനായി എല്ലാവരും രാപകലിലല്ലാതെ പരിശ്രമിക്കുകയാണ്. കൊവിഡ് പ്രതിരോധം ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കൊവിഡ് മരണം ഇന്ത്യയിൽ കുറവാണെന്ന് പറഞ്ഞ അദേഹം വിദഗ്‌ധർ ഇന്ത്യയുടെ പ്രതിരോധത്തെ പ്രശംസിക്കുകയാണെന്നും പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ നടപടികളെക്കുറിച്ച് ലോകം സംസാരിക്കുകയാണ്. ഓരോ ജീവനും രക്ഷിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നിയന്ത്രണങ്ങൾ ശക്തമായി പാലിച്ചാൽ കൊവിഡിനെ രാജ്യം അതിജീവിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
മാസ്‌ക് ധരിക്കുന്നതിൽ വീഴ്‌ച വരുത്തരുതെന്ന് പറഞ്ഞ അദേഹം മാസ്ക് ധാരണം നിർബന്ധമാണെന്നും ഓർമ്മിപ്പിച്ചു. കൊവിഡ് യുദ്ധം തോൽക്കാൻ ജാഗ്രതയിലെ ചെറിയ പിഴവ് മതി. ഒരു മരണം പോലും ദു:ഖരമാണ്. കൃത്യസമയത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് രാജ്യത്തിന് ഗുണം ചെയ്‌തു. രോഗമുക്തരായവരുടെ എണ്ണം പ്രതീക്ഷ നൽകുന്നതാണ്. കൊവിഡ് മരണം കുറവുള്ള രാജ്യമാണ് ഇന്ത്യയെന്നും അദേഹം ചൂണ്ടിക്കാട്ടി.