നെടുമങ്ങാട് : ആനാട്ടെ കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റത്തിൽ മനം നൊന്താണ് കൊവിഡ് രോഗിയായ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആത്മഹത്യ ചെയ്തതെന്നാരോപിച്ചും ഉത്തരവാദിയായവർക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം ആനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്താഫീസിനു മുന്നിൽ റിലേ സത്യാഗ്രഹവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ അമ്മമാരുടെ ഉപവാസവും നടന്നു.മെഡിക്കൽ കോളേജ് കൊറോണ വാർഡിൽ ചികിത്സയിലായിരുന്ന യുവാവ് അമ്മയെ കാണാൻ ആനാട്ട് എത്തിയപ്പോൾ ഒരുസംഘം കല്ലെറിഞ്ഞു വീഴ്ത്തുകയായിരുന്നുവെന്നാണ് ആരോപണം.അമ്മമാരുടെ സമരം മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് എ.ഷീലജ അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി ലേഖാ സുരേഷ് സ്വാഗതം പറഞ്ഞു.അഡ്വ.എം.ജി മീനാംബിക,ഷൈലജ,ചിത്രലേഖ എന്നിവർ പ്രസംഗിച്ചു.