തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് കോളേജുകളുടെ സൗകര്യമനുസരിച്ച് സീറ്റുകൾ വർദ്ധിപ്പിക്കാൻ സർക്കാർ അനുമതി നൽകി. ബിരുദ കോഴ്സുകൾക്ക് 70 വരെയും ബിരുദാനന്തര ബിരുദ കോഴ്സുകളിൽ സയൻസ് വിഷയങ്ങൾക്ക് 25, ആർട്സ്, കോമേഴ്സ് വിഷയങ്ങൾക്ക് 30 വരെയും സീറ്റുകൾ കൂട്ടാം.
സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കാതെ ഈ അദ്ധ്യയനവർഷം തന്നെ സീറ്റുകൾ കൂട്ടാനാണ് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഉഷാ ടൈറ്റസിന്റെ ഉത്തരവ്. അധിക സീറ്റുകൾ ഇക്കൊല്ലത്തെ അലോട്ട്മെന്റിൽ ഉൾപ്പെടുത്തണം. അധികസീറ്റുകൾ ഉടൻ അനുവദിക്കാൻ സർവകലാശാലകളോടും നിർദ്ദേശിച്ചു. അധിക സീറ്റുകൾ വേണമോയെന്ന് കോളേജുകൾക്ക് തീരുമാനിക്കാം.
കൊവിഡിന്റെ പശ്ചാത്തലത്തിൽ, ഉപരിപഠനത്തിന് അന്യ സംസ്ഥാനങ്ങളിലെ കോളേജുകളിലേക്ക് വിദ്യാർത്ഥികൾ അധികം പോകാനിടയില്ലെന്നും ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാവുമെന്നുമാണ് കണക്കുകൂട്ടൽ. സംസ്ഥാനത്തെ സർവകലാശാലകളും കോളേജുകളും നാക്, എൻ.ഐ.ആർ.എഫ് ഗ്രേഡിംഗിൽ മികച്ച റാങ്ക് നേടിയതും സമയത്തുള്ള ഫലപ്രഖ്യാപനവും ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാനത്തെ കോളേജുകളെ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നെന്നും സർക്കാർ വിലയിരുത്തുന്നു.
ഫീസ് കൂട്ടില്ല
കൊവിഡിന്റെ സാഹചര്യത്തിൽ സർവകലാശാലകളിലെയും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫീസ് കൂട്ടരുതെന്നാണ് സർക്കാർ ഉത്തരവ്. സ്വാശ്രയ കോളേജുകൾക്കും ഇത് ബാധകമാണ്. അഡ്‌മിഷൻ ഫീസിലടക്കം വർദ്ധന പാടില്ല. അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും മുഴുവൻ ശമ്പളവും ഓണറേറിയവും കൃത്യമായി നൽകണമെന്നും ഉത്തരവിൽ പറയുന്നു.