1

പൂവാർ: കൊവിഡ് 19നെ തുടർന്ന് രാജ്യം ലോക്ക് ഡൗണിലായപ്പോൾ വീടുകളിൽ ഒതുങ്ങിയിരുന്നവർക്കു മുന്നിൽ ഹരിതവിസ്മയം തീർത്തിരിക്കുകയാണ് എസ്.എൻ.ഡി.പി യോഗം അരുമാനൂർ ശാഖാ പ്രസിഡന്റ് കൊടിയിൽ അശോകൻ. ജോലിക്കോ സംഘടനാ പ്രവർത്തനത്തിനോ പുറത്തിറങ്ങാൻ കഴിയാതിരുന്നപ്പോൾ വിരസത അകറ്റാനും, വീട്ടാവശ്യത്തിനുള്ള വിഷരഹിത പച്ചക്കറിയിൽ സ്വയംപര്യാപ്തമാകാനുമാണ് ടെറസിൽ പച്ചക്കറിതൈകൾ നട്ടുനനച്ചത്. ഗ്രോബാഗുകളിലും കാലിത്തീറ്റ ചാക്കുകളിലും മണ്ണ് നിറച്ച് വെണ്ട,കത്തിരി, വഴുതാന, മുളക്, പയർ, ചീര തുടങ്ങിയ പച്ചക്കറി തൈകൾ നടുകയായിരുന്നു. സഹായത്തിന് കുടുംബാംഗങ്ങളും കൂടെ കൂടി.വീടിന് ചുറ്റുമുള്ള തന്റെ പുരയിടത്തിൽ തെങ്ങ്, പ്ലാവ്, മാവ്, പേര തുടങ്ങിയ ഫലവൃക്ഷങ്ങളെ കൂടാതെ വാഴ, പാഷൻ ഫ്രൂട്ട്, എന്നിവയാലും സമൃദ്ധമാണ്. ഈ അനുഭവം കൈമുതലായുള്ളതിനാലാണ് ടെറസിലെ കൃഷിയിലും വിജയം നേടാനായതെന്ന് അദ്ദേഹം പറഞ്ഞു. തീർത്തും ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. തന്റെ കൃഷിയിടത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ വീട്ടാവശ്യം കഴിഞ്ഞുള്ളവ അയൽ പക്കത്തെ വീടുകളിൽ കൊണ്ടെത്തിക്കുന്നതാണ് പതിവ്. ഏത് സാഹചര്യത്തെയും അതിജീവിക്കാൻ പരിമിതമായ സൗകര്യങ്ങളെ പോലും ഉപയോഗപ്പെടുത്താമെന്ന് തെളിയിച്ചിരിക്കുകയാണ് തികഞ്ഞ സംഘാടകൻ കൂടിയായ കൊടിയിൽ അശോകൻ.