india-

ബെയ്ജിംഗ്: ലഡാക്കിൽ ഇന്ത്യയും ചൈനയുമായുള്ള സംഘർഷത്തിൽ അഞ്ച് ചൈനീസ് സൈനികർ മരിച്ചെന്ന് ആദ്യം നൽകിയ വാർത്ത തിരുത്തി ചൈനീസ് മാദ്ധ്യമമായ ഗ്ലോബ‌ൽ ടൈംസ്. അതിർത്തിയിലെ സംഘർഷത്തിൽ ചൈനീസ് സൈനികർ മരിച്ചെന്ന് മാത്രമാണ് പറഞ്ഞതെന്നും, എത്ര പേർക്ക് മരണം സംഭവിച്ചെന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും ഗ്ലോബ‌ൽ ടൈംസ് ട്വീറ്റ് ചെയ്‌തു.

ഗ്ലോബൽ ടൈംസിന്റെ മലക്കം മറിച്ചിലിൽ സമൂഹമാദ്ധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. ഗ്ലോബൽ ടൈംസിന്റെ എഡിറ്ററായ ഹു സിജിനാണ് ആദ്യം ചൈനീസ് ഭാഗത്തും മരണം സംഭവിച്ചെന്ന് ട്വീറ്റ് ചെയ്തത്. അതേസമയം ഇരുഭാഗത്തും മരണം സംഭവിച്ചുവെന്ന് തന്നെയാണ് ഇന്ത്യൻ കരസേന പുറത്തുവിട്ട വാർത്താക്കുറിപ്പിലുള്ളത്.

ഗാൽവൻ താഴ്‍വരയിൽ അതിർത്തിയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ, ഇരുവിഭാഗവും തമ്മിൽ അക്രമമുണ്ടായി. രണ്ട് ഭാഗത്തും മരണം സംഭവിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് നഷ്ടമായത് ഒരു ഓഫീസറെയും രണ്ട് ജവാൻമാരെയുമാണ്. രണ്ട് സേനകളിലെയും മുതിർന്ന ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് ചർച്ചകൾ നടത്തുകയാണ് എന്നാണ് കരസേന പുറത്തുവിട്ട പ്രസ്താവനയിലുള്ളത്.