തിരുവനന്തപുരം: നാട്ടിലെ വിളകൾ നേരിട്ടുവാങ്ങുന്ന ഹോർട്ടികോർപ്പ് യഥാസമയം വില നൽകാതെ കർഷകരെ കടക്കെണിയിലാക്കി.കോടിക്കണക്കിന് രൂപയാണ് നൽകാനുള്ളത്.

സംസ്ഥാനത്തെ ആറു കേന്ദ്രങ്ങളിൽ യൂറോപ്യൻ യൂണിയന്റെ സഹായത്തോടെ ആരംഭിച്ച വേൾഡ് മാർക്കറ്റുകൾ വഴി സംഭരിച്ച വിളകൾക്ക് കഴിഞ്ഞ നവംബർ മുതലുള്ള വിലയാണ് നൽകേണ്ടത്. സാധാരണ രണ്ടോമൂന്നോ മാസത്തെ താമസം വരാറുണ്ട്. എന്നാൽ, ഇക്കുറി എട്ടുമാസമായിരിക്കുന്നു.

പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ കടംവാങ്ങിയും മറ്റും കൃഷിചെയ്തവരാണ് മിക്കവരും. കടം തീർക്കാൻപാേലും കഴിയാത്ത അവസ്ഥയിലായി കർഷകർ.

വേൾഡ് മാർക്കറ്റുകളിൽ വില്ക്കാൻ കൊണ്ടുവരുന്ന വിളകൾക്ക് അടിസ്ഥാന വില നിശ്ചയിച്ചാണ് ആവശ്യക്കാർക്ക് ലേലം ചെയ്യുന്നത്.
മിച്ചം വരുന്നത് ഹോർട്ടികോർപ്പ് സംഭരിക്കും. ഇവ ഔട്ട്ലെറ്റുകൾ വഴി വിറ്റ് കർഷകർക്ക് വില നൽകണം. ഇങ്ങനെ സംഭരിച്ചവയുടെ വിലയാണ് ഇനിയും നൽകാത്തത്.

ആനയറയിൽ മാത്രം ഇരുനൂറോളം കർഷകർക്കായി ഏകദേശം 1.16 കോടി രൂപ കിട്ടാനുണ്ട്.

മരച്ചീനി മുതൽ എത്തൻ , വെള്ളരി, പടവലം തുടങ്ങിയ വിളകളുടെ വിലയാണിത്. നെടുമങ്ങാട് മാർക്കറ്റിലും ഒരു കോടിയോളം നൽകാനുണ്ട് മറ്റു മാർക്കറ്റുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

വേൾഡ് മാർക്കറ്റുകൾ

തിരുവനന്തപുരം: ആനയറ , നെടുമങ്ങാട്

എറണാകുളം: മരട്

കോഴിക്കോട്: വേങ്ങേരി,

വയനാട് :സുൽത്താൻ ബത്തേരി

കമന്റ്

ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്. 14 ലക്ഷത്തോളം രൂപ കിട്ടാനുണ്ട്.

-വെങ്ങാനൂർ ജോർജ്ജ്,

കർഷകൻ

കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് റവന്യു വകുപ്പിന് ദുരിതാശ്വസ ക്യാമ്പുകളിലേക്കായി പച്ചക്കറികൾ നൽകിയ വകയിലും ലോക്ക് ഡൗൺ കാലയളവിൽ കമ്മ്യൂണിറ്റി കിച്ചണ് നൽകിയ ഇനത്തിലും സർക്കാരിൽ നിന്നും കിട്ടാനുള്ള തുക ലഭിക്കാത്തതാണ് കാരണം. ലോക്ക് ഡൗണിൽ ഓഫീസുകൾ പ്രവർത്തിക്കാതിരുന്നതാണ് ഫയൽ നീക്കത്തിന് പ്രധാന തടസ്സമായത്.

-ജെ.സജീവ്
മാനേജിംഗ് ഡയറക്ടർ

ഹോർട്ടികോർപ്പ്