kanikavanchi

തലശ്ശേരി: പ്രസിദ്ധമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കവർന്നു. ഇന്നലെ കാലത്ത് ക്ഷേത്രം തുറക്കാനെത്തിയ ഭാരവാഹികളാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു.
ക്ഷേത്രത്തിലെ അരയാൽ തറയ്ക്കു സമീപം വെച്ച രണ്ട് ഭണ്ഡാരങ്ങളിലെയും കിഴക്കേടം ശിവക്ഷേത്രത്തിലെ ഒരു ഭണ്ഡാരത്തിലെയും പൂട്ട് തകർത്താണ് പണം അപഹരിച്ചത്. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു . കൊവിഡ് സാഹചര്യത്തിൽ മാസങ്ങളായി അമ്പലം അടഞ്ഞു കിടന്നതിനാൽ വൻ സാമ്പത്തിക നഷ്ടം ഇല്ല. പൂട്ട് തകർക്കാൻ ഉപയോഗിച്ച് കൊടുവാളും നാണയത്തുട്ടുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തലശ്ശേരി സി.ഐ സനൽ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ക്ഷേത്രപരിസരത്ത് പരിശോധന നടത്തി.