തിരുവനന്തപുരം: കൊവിഡ് മഹാമാരിയെക്കാൾ ഭീകര ദുരന്തമാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകളെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ ഇന്ധനവില വർദ്ധനവിനെതിരെയും സംസ്ഥാന സർക്കാരിന്റെ അമിത വൈദ്യുതി ബില്ലിനെതിരെയും സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടം വൈദ്യുതിഭവന് മുൻപിൽ നിർവഹിക്കുകയിരുന്നു അദ്ദേഹം. ഇന്ധനവില വർദ്ധിപ്പിച്ച് കേന്ദ്രവും അമിത വൈദ്യുതി ബില്ല് നൽകി കേരള സർക്കാരും പകൽക്കൊള്ള നടത്തുകയാണ്. കെ.എസ്.ഇ.ബിയിൽ നിലവിൽ 31000 ജീവനക്കാർ അധികമാണെന്ന് റെഗുലേറ്ററി കമ്മിഷൻ അഭിപ്രായപ്പെടുമ്പോൾ കുടുംബശ്രീ വഴി സി.പി.എം അനുഭാവികളെ നിയമിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ.എസ്.ഇ.ബി അഴിമതിയുടെ കൂടാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാനദണ്ഡങ്ങൾ തെറ്റിച്ച് രണ്ട് ഡയറക്ടർമാരെ ബോർഡിൽ നിയമിച്ചത് അഴിമതിക്ക് കൂട്ടുനിൽക്കാൻ വേണ്ടിയാണ്. വൈദ്യുതി സൗജന്യമായി നൽകാൻ ശേഷിയുള്ള ഈ കാലഘട്ടത്തിൽ മൂന്നരക്കോടി ജനങ്ങൾക്ക് ഷോക്കടിക്കുന്ന ബില്ലാണ് നൽകിയത്.
കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി.അനിൽകുമാർ, മണക്കാട് സുരേഷ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എൻ.പീതാംബരക്കുറുപ്പ്, കെ.മോഹൻകുമാർ തുടങ്ങിയവർ സംസാരിച്ചു.