# കേന്ദ്രത്തിനെതിരെ രണ്ടു ലക്ഷം കേന്ദ്രങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം
തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധിക്കാത്തവരാണ് വൈദ്യുതിചാർജിനെ എതിർക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ദേശവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി പാളയം രക്തസാക്ഷിമണ്ഡപത്തിന് മുന്നിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് മാനദണ്ഡം പാലിച്ച് അഞ്ച് പേരടങ്ങുന്ന സംഘം വീതം സംസ്ഥാനത്ത് രണ്ട് ലക്ഷം കേന്ദ്രങ്ങളിൽ സി.പി.എം സമരം നടത്തി.
കെ.എസ്.ഇ.ബി നാലു മാസത്തെ ബില്ല് ഒരുമിച്ച് നൽകിയതാണ്, അല്ലാതെ വൈദ്യുതി നിരക്ക് കൂട്ടിയിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.
പിണറായി സർക്കാരിനെ അസ്ഥിരമാക്കാൻ വഴി തേടുകയാണ് യു.ഡി.എഫും ബി.ജെ.പിയും. പല വിഷയങ്ങളിലും പ്രതികരണം ഒരേ രീതിയിലാണ്.
തുടർച്ചയായ ഇന്ധന വിലവർദ്ധന ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ക്രൂഡോയിൽ വില കുറയുന്നതിനാൽ ഇന്നത്തേതിന്റെ പകുതി വിലയ്ക്ക് ഇന്ധനം നൽകാൻ കഴിയും. എന്നാൽ, എക്സൈസ് തീരുവ കൂട്ടി ദിവസവും വില കൂട്ടുകയാണ്.
ഇടതുപക്ഷത്തോട് സഹകരിക്കാൻ തയ്യാറുള്ള മറ്റുപാർട്ടികളെ അണിനിരത്തി കേന്ദ്രസർക്കാരിനെതിരായ സമരം വിശാലമാക്കുമെന്ന് ഉദ്ഘാടനം ചെയ്ത പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു.
പി.ബി അംഗം എം.എ. ബേബി, കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ എന്നിവരും സംസാരിച്ചു.