covid

ഡൊഡോമ : ഔദ്യോഗിക രേഖകൾ പുറത്തുവിടാതെ തങ്ങൾ കൊവിഡ് മുക്തമാണെന്ന് പ്രഖ്യാപിച്ച ടാൻസാനിയയിൽ കൊവിഡ് രോഗികൾ സജീവമെന്ന് റിപ്പോർട്ട്. രാജ്യത്ത് 66 കൊവിഡ് പോസിറ്റീവ് കേസുകളുണ്ടെന്നാണ് പ്രധാനമന്ത്രി കാസിം മജാലിവ പറയുന്നത്. ഏപ്രിൽ 29ന് അവസാനമായി രാജ്യത്തെ കൊവിഡ് വ്യാപനത്തെ പറ്റിയുള്ള റിപ്പോർട്ട് പുറത്ത് വിട്ടതിന് ശേഷം ഇതാദ്യമായാണ് ടാൻസാനിയൻ സർക്കാർ, രോഗത്തെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്നത്. രാജ്യത്തിന്റെ പത്ത് മേഖലകളിലായി 66 രോഗികൾ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് മജാലിവ പറയുന്നു. അതേ സമയം, ബാക്കി 16 മേഖലകൾ കൊവിഡ് രോഗമുക്തമായതായും മജാലവി കൂട്ടിച്ചേർത്തു.

ദിവസങ്ങൾക്ക് മുമ്പാണ് ടാൻസാനിയ കൊവിഡ് 19 മുക്തമാണെന്ന് പ്രസിഡന്റ് ജോൺ മഗുഫുലി പ്രഖ്യാപിച്ചത്. തന്റെ രാജ്യം പ്രാർത്ഥനയിലൂടെ കൊറോണ വൈറസ് മുക്തമായതായാണ് പ്രസിഡന്റ് പ്രഖ്യാപിച്ചത്. പ്രാർത്ഥനയിലൂടെ ദൈവം തങ്ങളുടെ നാട്ടിൽ നിന്നും വൈറസിനെ തുടച്ചു നീക്കിയെന്നാണ് പ്രസിഡന്റ് ജോൺ മഗുഫുലിയുടെ വാദം. അതേസമയം, ആഫ്രിക്കയുടെ കിഴക്ക് സ്ഥിതി ചെയ്യുന്ന ടാൻസാനിയയിൽ കൊവിഡ് മുക്തമായിട്ടില്ലെന്നും കേസുകൾ ഉയരുന്നുണ്ടെന്നുമാണ് അയൽരാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നത്.

രാജ്യത്തെ കൊവിഡിന്റെ വ്യാപ്തി ഭരണകൂടം മറച്ചു വയ്ക്കുന്നതായാണ് ആരോപണം. ഏപ്രിൽ 29നാണ് ഓരോ ദിവസത്തെയും കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും പുറത്തുവിടുന്ന ഡെയ്‌ലി ബുള്ളറ്റിൻ സമ്പ്രദായം പ്രസിഡന്റ് നിറുത്തലാക്കിയത്. അന്നത്തെ കണക്ക് പ്രകാരം 480 രോഗികളും 21 മരണവുമാണ് രാജ്യത്തിന്റെ കൊവിഡ് പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് മേയ് 8ന് ടാൻസാനിയയുടെ അധീനതയിലുള ദ്വീപായ സാൻസിബാറിൽ നിന്നുള്ള 29 കേസുകൾ കൂടി പട്ടികയിൽ ചേർത്തു. അതോടെ ടാൻസാനിയയിലെ ആകെ കൊവിഡ് പോസിറ്റീവ് കേസുകൾ 509 ആയി. രാജ്യത്തെ ആശുപത്രികൾ കൊവിഡ് രോഗികളാൽ നിറഞ്ഞ് കവിഞ്ഞേക്കുമെന്നാണ് മേയ് ആദ്യവാരം ടാൻസാനിയയിലെ യു.എസ് എംബസി നൽകിയ മുന്നറിയിപ്പ്. ഡാർ ഇ സലാം ഉൾപ്പെടെയുള്ള ടാൻസാനിയൻ നഗരങ്ങളിൽ സ്ഥിതി രൂക്ഷമാണെന്ന് ഇപ്പോഴും വിലയിരുത്തലുണ്ട്. രാജ്യത്തെ സ്കൂൾ, കോളേജുകൾ, യൂണിവേഴ്സിറ്റികൾ തുടങ്ങിയവ ജൂൺ 1 മുതൽ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. സ്പോർട്സ് മത്സരങ്ങൾക്കും വിലക്കില്ല.