തിരുവനന്തപുരം: പാമ്പു പിടിത്തക്കാർക്ക് ലൈസൻസ് ഏർപ്പെടുത്താൻ വനംവകുപ്പ് തീരുമാനിച്ചു. ലൈസൻസില്ലാതെ പാമ്പു പിടിച്ചാൽ മൂന്നു വർഷംവരെ ശിക്ഷ കിട്ടുന്ന തരത്തിൽ നിയമം പരിഷ്കരിക്കും. മാർഗ നിർദേശങ്ങൾ ഒരാഴ്ചയ്ക്കകം പുറത്തിറങ്ങും. പാമ്പു പിടിത്തക്കാരനായ സക്കീർ ഹുസൈൻ ഞായറാഴ്ച നാവായിക്കുളത്ത് പാമ്പു പിടിത്തത്തിനിടെ മൂർഖന്റെ കടിയേറ്റു മരിച്ച സംഭവത്തെ തുടർന്നാണ് തീരുമാനം.
താത്പര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് ജില്ലാടിസ്ഥാനത്തിൽ പരിശീലനം നൽകി ലൈസൻസ് നൽകാനാണ് പദ്ധതി. ലൈസൻസുള്ളവരുടെ വിവരം തദ്ദേശസ്ഥാപനങ്ങൾക്കും, പൊലീസിനും, ഫയർഫോഴ്‌സിനും, റസി.അസോസിയേഷനുകൾക്കും നൽകും. പാമ്പു പിടിത്തക്കാർക്ക് ലൈസൻസെടുക്കാൻ ഒരു വർഷം സമയം അനുവദിക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. വനംവകുപ്പിൽ നൂറിലധികം ഉദ്യോഗസ്ഥർക്ക് പാമ്പിനെ ശാസ്ത്രീയമായി പിടിക്കാനറിയാമെങ്കിലും പൊതുജനങ്ങൾക്ക് ഇവരുടെ സേവനം ലഭിക്കാറില്ല.