കാട്ടാക്കട : കാട്ടാക്കട പഞ്ചായത്തിലെ ആശാവർക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കാട്ടാക്കടയും പരിസരപ്രദേശങ്ങളും കൂടുതൽ ജാഗ്രതയിലേക്ക്. പഞ്ചായത്തിലെ ആറു വാർഡുകൾ കണ്ടെയിൻമെന്റ് സോണാക്കിയെങ്കിലും കാട്ടാക്കട ടൗണിൽ ഒരു ഭാഗത്ത് കടകമ്പോളങ്ങൾ ഇന്നലെ പൂർണമായും തുറന്നു. സ്ഥിതിഗതികൾ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുമ്പോൾ ഇത്തരം സ്ഥലങ്ങൾ മുഴുവനായി അടച്ചിട്ടില്ലെങ്കിൽ രോഗവ്യാപനം വർദ്ധിക്കുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ.
കണ്ടെയിൻമെന്റ് സോണാക്കി മാറ്റിയ ആറ് വാർഡുകളിലും നിയന്ത്രണം കർശനമാക്കി. എട്ടിരുത്തി, തൂങ്ങാംപാറ വാർഡുകളിലേക്കുള്ള ഗതാഗതം നിയന്ത്രിച്ച് എല്ലാറോഡുകളിലും ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങളോ, ആശുപത്രിയിലേക്കോ അല്ലാതെ പുറത്തുപോകാൻ ആരെയും പൊലീസ് അനുവദിക്കുന്നില്ല. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടതിനൊപ്പം ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉൾപ്പെടെ രോഗിയുമായി ഇടപഴകിയവരുടെ വിശദാംശങ്ങളും ആരോഗ്യവകുപ്പ് പുറത്തുവിട്ടു. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈ മാസം ആറിന് ചികിത്സയ്ക്കായി എത്തിയ 188 പേരുടെയും, 11ന് എത്തിയ 231 പേരുടെയും പട്ടികയും ഇതിലുണ്ട്. ഇവരോടെല്ലാം നിരീക്ഷണത്തിൽ പോകാനും ഇവർക്ക് സ്രവപരിശോധന നടത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സമ്പർക്ക പട്ടികയിലുള്ള ധനകാര്യ സ്ഥാപനങ്ങളും, തുണിക്കടയും അടച്ചു. ഇതിനിടെ ജംഗ്ഷൻ ഒഴിവാക്കി കണ്ടെയിൻമെന്റ് സോൺ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കാട്ടാക്കട താലൂക്ക് ഓഫീസിന് മുന്നിൽ സമരം നടത്തി.