കഴക്കൂട്ടം: ശാസ്തവട്ടം റബീന മൻസിലിൽ ഷാഹുൽ ഹമീദ്- ഐഷാബീവി ദമ്പതികളുടെ മകൻ സക്കീർ ഹുസൈൻ (30) പലതവണ പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലായെങ്കിലും അവസാനമായി പിടികൂടിയ മൂർഖൻ തന്റെ ജീവനെടുക്കുമെന്ന് ഒരിക്കലും കരുതിയില്ല. സക്കീർ പാമ്പുപിടിത്തത്തിനായി നാവായിക്കുളത്തേക്ക് തിരിക്കുമ്പോൾ, ചെലവ് കാശായി പോക്കറ്റിലുണ്ടായിരുന്നത് മുപ്പതു രൂപ മാത്രം. അത്രയ്ക്ക് ദരിദ്ര ചുറ്റുപാടിലാണ് സക്കീറും കുടുംബവും. എന്നാലും, സഹായത്തിനായി ആരുവിളിച്ചാലും പാഞ്ഞെത്തുമായിരുന്നുവെന്ന് സക്കീറിന്റെ ചേതനയറ്റ ശരീരം ഒരു നോക്കുകാണാൻ തടിച്ചുകൂടിയവർ നിറമിഴികളോടെ പറയുന്നു. ചേരമാൻ തുരത്തു കാരിയായ ഉമ്മ ഐഷാബീവി നേരത്തെ മരിച്ചു. സക്കീറും കുടുംബവും കഴിഞ്ഞിരുന്നത് ശാസ്തവട്ടത്തെ രണ്ടുസെന്റ് പുറമ്പോക്കിലെ പണിതീരാത്ത കൊച്ചുവീട്ടിലാണ്. പുരയിടത്തിന് കൈവശരേഖയുണ്ടെങ്കിലും പട്ടയം കിട്ടിയിട്ടില്ല. മീൻ കച്ചവടക്കാരനായ ബാപ്പയുടെ തണലിലാണ് കുടുംബം. സക്കീർ പോയതോടെ ഭാര്യ ഹസീനയും 7 വയസും രണ്ടു മാസവും പ്രായമുള്ള പെൺതരികളടങ്ങിയ കുടുംബത്തിന്റെ അന്നമാണ് നിലച്ചത്.

ഞായറാഴ്ച വൈകിട്ട് 7ന് നാവായിക്കുളത്ത് നിന്ന് പാമ്പു പിടിക്കാനായി സക്കീറിനെ വിളിച്ചിരുന്നു. ചെന്നപാടെ പാമ്പിനെ പിടികൂടി. നാട്ടുകാർക്കായി പാമ്പിനെ പ്രദർശിപ്പിക്കുന്നതിനിടെയാണ് കടിയേറ്റത്. 12 തവണ പാമ്പ് കടിയേറ്റിട്ടുള്ള സക്കീർ അതത്ര കാര്യമാക്കിയില്ല, പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാഹുൽ ഹമീദ്- ഐഷാബീവി ദമ്പതികളുടെ എട്ടു മക്കളിൽ ഏറ്റവും ഇളയവനാണ്. വീടിന്റെ പണിതീരാത്തതിനാൽ സക്കീർ ശാസ്തവട്ടത്തു വാടക വീട്ടിലാണ്. മൂത്തമകൾ ഏഴുവയസ്സുകാരി നേഹ ബാപ്പയുടെ മരണമറിയാതെ വീട്ടിൽ ഓടി നടക്കുന്നു. മുരുക്കുംപുഴ വെയിലൂർ ഹൈസ്കൂളിൽ പത്താം ക്ളാസ് കഴിഞ്ഞശേഷം പിക്കപ്പ് വാൻ ഓടിക്കുകയായിരുന്നു സക്കീർ. ലൈറ്റ്-സൗണ്ട്‌സ് ജീവനക്കാരനുമായിരുന്നു. മൃതദേഹം ഇന്നലെ വീട്ടിനുമുന്നിൽ പൊതുദ‌ർശനത്തിനു വച്ച ശേഷം ചേരമാൻ തുരുത്ത് മുസ്ളിം ജമാഅത്തിൽ കബറടക്കി. പഞ്ചായത്തംഗം ദീപാ സുരേഷിന്റെ നേതൃത്വത്തിൽ അനുശോചനയോഗവും ചേർന്നു.