photo

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ രൂക്ഷമായ കാട്ടാനശല്യത്തിന് പരിഹാരം വനം വകുപ്പ് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രമേയം പാസാക്കി. ഇടിഞ്ഞാർ, ഇടവം, കൊച്ചു വിള, ഞാറനീലി എന്നിവിടങ്ങളിലെ ജനവാസ മേഖലയിലെ വീടുകൾ, ആരാധനാലയങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടെ യാണ് ആനശല്യം രൂക്ഷമായത്.കഴിഞ്ഞ ദിവസം ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ ധർണ്ണ സംഘടിപ്പിച്ചിരുന്നു.ഇതേ തുടർന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ജെ.കുഞ്ഞുമോൻ പ്രമേയം അവതരിപ്പിച്ചത്. സോളാർ ഫെൻസിംഗ്, ആനക്കൊപ്പം എന്നിവ നിർമ്മിക്കുക, വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥക്കനുസരിച്ച് ഫല വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് പ്രമേയത്തിലുള്ളത്. ഈ വിഷയം ചർച്ച ചെയ്യുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം രാവിലെ 10ന് പഞ്ചായത്ത് ഹാളിൽ കൂടാനും തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി അറിയിച്ചു.