തിരുവനന്തപുരം: നിറചിരിയായി കലാരംഗത്ത് വിളങ്ങിനിന്ന പദ്മജാ രാധാകൃഷ്ണന് തലസ്ഥാനം കണ്ണീരോടെ വിട നൽകി. തൈക്കാട് മേടയിൽ വീട്ടിൽ രാവിലെ പൊതുദർശനത്തിനു വച്ച മൃതശരീരം ഉച്ചയ്ക്ക് രണ്ടോടെ ശാന്തികവാടത്തിൽ സംസ്‌കരിച്ചു. മകൻ എം.ആർ. രാജകൃഷ്ണനും മകൾ കാർത്തികയും അന്ത്യകർമ്മങ്ങൾ ചെയ്തു. തിങ്കളാഴ്ച പുലർച്ചെ 12.30നാണ് പരേതനായ സംഗീതഞ്ജൻ എം.ജി.രാധാകൃഷ്ണന്റെ പത്‌നി പദ്മജാ രാധാകൃഷ്ണൻ അന്തരിച്ചത്.
മരണ സമയത്ത് ചെന്നൈയിലായിരുന്ന സൗണ്ട് എൻജിനിയറും സംഗീത സംവിധായകനുമായ എം.ആർ.രാജകൃഷ്ണൻ തിങ്കളാഴ്ച വൈകിട്ട് അഞ്ചിനും ദുബായിലായിരുന്ന മകൾ കാർത്തിക ഇന്നു രാവിലെ പത്തിനുമാണ് എത്തിയത്. മോർച്ചറിയിൽ നിന്നു വീട്ടിൽ എത്തിച്ച മൃതശരീരത്തിൽ പുറത്തു നിന്ന്‌ എത്തിയവരൊക്കെ അന്ത്യാഞ്ജലി അർപ്പിച്ച ശേഷം എല്ലാവരെയും പുറത്താക്കി. തുടർന്ന്‌ ആരോഗ്യ പ്രവർത്തകർ നൽകിയ പി.പി.ഇ കിറ്റ് ധരിച്ചാണ് മക്കൾ അമ്മയുടെ ചേതനയറ്റ ശരീരം കണ്ടത്. വിങ്ങിപ്പൊട്ടിയ അവർ പരസ്പരം ആശ്വസിപ്പിക്കാൻ പാടുപെട്ടു. അതേ കിറ്റ് ധരിച്ച് ആംബുലൻസിലാണ് അന്ത്യകർമ്മങ്ങൾ ചെയ്യുന്നതിനായി ശാന്തികവാടത്തിൽ പോയത്.
കൊവിഡ് നിയമങ്ങൾ പാലിക്കുന്നതിനായി സന്ദർശകരെ നിയന്ത്രിച്ച് പ്രവേശിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്ക് സുരഷ്‌ഗോപി എം.പിയും നിർമ്മാതാവ് സുരേഷ് കുമാറും നേതൃത്വം നൽകി. മന്ത്രിമാരയ എ.കെ.ബാലൻ, കടകംപള്ളി സുരേന്ദ്രൻ, കെ.രാജു, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.മുരളീധരൻ എം.പി, മേയർ കെ.ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ശ്രീകുമാർ, ചിപ്പി, മണിയൻപിള്ള രാജു തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.