ശ്രീകാര്യം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ചികിത്സയ്ക്കിടെ കാണാതായ ചെമ്മരുതി മുട്ടപ്പലം തുണ്ടുവിള വീട്ടിൽ ഷൈജുവിനെ (42) ശ്രീകാര്യത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാൻ സി.സി ടി വി കാമറകൾ പരിശോധിക്കുകയാണ് പൊലീസ്. മൃതദേഹം കണ്ടെത്തിയതിന്റെ തൊട്ടടുത്തുള്ള ഐ.സി.ഐ.സി.ഐ ബാങ്കിലേതടക്കം ദൃശ്യങ്ങൾ പൊലീസ് ഇന്നലെ ശേഖരിച്ചു. മെഡിക്കൽ കോളേജിലെയും ശ്രീകാര്യം ജംഗ്ഷനിലെയും കാമറാ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. കൊലപാതക സാദ്ധ്യത വിശദമായി അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. എന്നാൽ ഷൈജു ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ലെന്നാണ് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച കടയ്ക്കലിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തിയ ഷൈജു മർദ്ദനമേറ്റ് അവശനിലയിലായിരുന്നെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. ശനിയാഴ്ച കല്ലമ്പലത്തെ സ്വന്തം വീട്ടിൽ പോകുന്നെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ ഞായറാഴ്ച പകൽ 12.30ന് മർദ്ദനമേറ്റ് പരിക്കുകളോടെ കല്ലമ്പലം സ്റ്റേഷനിൽ പരാതിയുമായെത്തിയ ഷൈജുവിനെ പൊലീസുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു. പരിക്കേറ്റത് അടിപിടിയിലായതിനാൽ സ്വകാര്യ ആശുപത്രി അധികൃതർ ഇയാളെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ അറിയിച്ചതനുസരിച്ച് ഭാര്യയും ബന്ധുക്കളും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയപ്പോഴാണ് ഷൈജുവിനെ കാണാനില്ലെന്ന് മനസിലാക്കിയത്. പരിക്കേറ്റ മുറിവുകളുമായി ഇയാൾ യാതൊരു പരിചയവുമില്ലാത്ത ശ്രീകാര്യത്ത് എത്തേണ്ട കാര്യമില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. രണ്ടുവീടുകൾക്കിടയിലെ ഇരുപതടിയുള്ള കോൺക്രീറ്റ് മതിലിനു മുകളിൽ നെറ്റിട്ട് മറയ്ക്കാൻ നിർമ്മിച്ച മെറ്റൽ ഫ്രെയിമിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. മുഖത്തും ശരീരത്തിലും മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. സമീപത്തെ സ്വകാര്യബാങ്ക് കെട്ടിടത്തിന്റെ താഴെ മുതൽ മൂന്നാം നില വരെ രക്തത്തുള്ളികളും കണ്ടെത്തി. തൊട്ടടുത്ത് ആൾതാമസമില്ലാത്ത വീടിന്റെ രണ്ടാംനിലയിലെ കൈവരിയിലും പത്ത് എ.സി യൂണിറ്റിനു മുകളിലും രക്തം കട്ടപിടിച്ച് കിടപ്പുണ്ടായിരുന്നു. ഇതെല്ലാം ദുരൂഹത വർദ്ധിപ്പിക്കുന്നതാണെന്ന് പൊലീസ് പറയുന്നു. പ്രവാസിയായ ഡോ. ഷാജിയുടെ ഉടമസ്ഥതയിലുള്ള ശ്രീകാര്യം ജംഗ്‌ഷന് സമീപത്തെ പുതുവലിൽ ബിൽഡിംഗിന്റെ പിറകുവശത്തെ 20 അടി ഉയരമുള്ള മതിലിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ ഷൈജുവിന്റെ സ്‌കൂട്ടർ കടുവാപ്പള്ളിക്ക് സമീപം കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിലെ ദുരൂഹത നീക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. പെയിന്ററായ ഷൈജു കുറേക്കാലം വർക്കലയിലെ ഒരു റിസോർട്ടിലും ജോലിനോക്കിയിരുന്നു. തയ്യൽ തൊഴിലാളിയായ സോനയാണ് ഷൈജുവിന്റെ ഭാര്യ. മൂന്നരവയസുള്ള കെവിൻ മകനാണ്. കൊവിഡ് പരിശോധന ഫലം ലഭിച്ചാലുടൻ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു.