കെപ്കോയിലെ 12 ജീവനക്കാരും ക്വാറന്റൈനിൽ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം :കൊവിഡ് ബാധിച്ച് വഞ്ചിയൂർ സ്വദേശി രമേശൻ മരിച്ചതിനെ തുടർന്ന് ആരോഗ്യപ്രവർത്തകരും പൊലീസുകാരും ഉൾപ്പെടെ 35 ഒാളം പേരെ ക്വാറന്റൈനിലാക്കി. ഇയാളുടെ വീട്ടുകാരെ കൂടാതെ ജനറൽ ആശുപത്രിയിലെയും മെഡിക്കൽ കോളേജിലെയും ആരോഗ്യപ്രവർത്തകർ, വഞ്ചിയൂർ സ്റ്റേഷനിലെ പൊലീസുകാർ, രമേശന്റെ ഭാര്യ ജോലി നോക്കുന്ന പേട്ട കെപ്കോ ഔട്ട്ലെറ്റിലെ സഹപ്രവർത്തകർ എന്നിവരെയാണ് ക്വാറന്റൈനിലേക്ക് മാറ്റിയത്. രമേശന്റെ ഭാര്യ, രണ്ട് മക്കൾ, മരുമകൾ, ആറുമാസം പ്രായമുള്ള കുട്ടി, ഇയാളുടെ സഹോദരൻ എന്നിവർ ക്വാറുന്റൈനിലുണ്ട്. കുഞ്ഞും അമ്മയും വീട്ടിലും മറ്റുള്ളവർ ജനറൽ ആശുപത്രിയിലുമാണ്.

രമേശനെ കിടത്തി ചികിത്സിച്ച ജനറൽ ആശുപത്രിയിലെ 11 പേരാണ് നിരീക്ഷണത്തിൽ പോയത്. ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, നാല് ഹൗസ് സർജൻ, മൂന്ന് സ്റ്റാഫ് നഴ്സ്, ഇ.സി.ജി ഓപ്പറേറ്റർ, ഡ്രൈവർ, അറ്റൻഡർ (ഓരോരുത്തർ വീതം), വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ ഇയാളുടെ മകന്റെ സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തിയ മൂന്നു പൊലീസുകാരുമാണ് നിരീക്ഷണത്തിലുള്ളത്. രമേശന്റെ ഭാര്യ കെപ്കോ മീറ്റ് പ്രോസസിംഗ് യൂണിറ്റിലെ ജീവനക്കാരിയാണ്. ഇവർ കഴിഞ്ഞമാസം 28 മുതൽ ജോലിക്ക് എത്തിയിരുന്നില്ല. എന്നാൽ അടുത്തദിവസങ്ങളിലായി രമേശന്റെ രോഗവിവരം തിരക്കി 12 ജീവനക്കാർ ഇവരുടെ വീട്ടിലെത്തി. ഇവരെയാണ് കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റിയത്. മെഡിക്കൽ കോളേജിൽ ഇയാളെ എത്തിച്ചെങ്കിലും നേരെ കൊവിഡ് ഒ.പിയിലേക്ക് മാറ്റിയെന്നാണ് വിവരം. ഇവിടെ ഡോക്ടർമാർ ആരും നിരീക്ഷണത്തിൽ പോയിട്ടില്ലെന്നും മൂന്നു മറ്റു ജീവനക്കാരെ മാറ്റിയെന്നുമാണ് വിവരം. തുടർച്ചയായി വീഴ്ചകൾ ഉണ്ടായതോടെ മെഡിക്കൽ കോളേജ് അധികൃതർ ജീവനക്കാരുടെ ക്വാറന്റൈൻ സംബന്ധിച്ച വിവരങ്ങൾ പോലും പുറത്തുവിട്ടില്ല.

അതേസമയം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് രമേശന്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ വൈകിട്ട് 5.30ന് തൈക്കാട് ശാന്തികവാടത്തിൽ ആരോഗ്യപ്രവർത്തകർ ചേർന്നാണ് സംസ്കാരം നടത്തിയത്.