തിരുവനന്തപുരം: പട്ടത്തെ ഫുട് ഓവർ ബ്രിഡ്ജ് മന്ത്രി. ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗവ.ഹയർ സെക്കൻഡറി സ്കൂളിലെയും പട്ടം സെന്റ് മേരീസ് സ്കൂളിലെയും വിദ്യാർത്ഥികൾക്കും കാൽനട യാത്രക്കാർക്കും ഏറെ ആശ്വാസം നൽകുന്നതാണ് നഗരസഭ നിർമ്മിച്ച ഫുട് ഓവർ ബ്രിഡ്ജ്. ദേശീയ പാതയ്ക്ക് കുറുകെ മുഴുവൻ ചട്ടങ്ങളും പാലിച്ച് നിർമ്മാണം പൂർത്തീകരിച്ച് സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് ഫുട്ട് ഓവർ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഓവർ ബ്രിഡ്ജ് വന്നതോടെ പ്രദേശത്ത് റോഡ് മുറിച്ചു കടക്കുന്നതിന് വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് വിരാമമായി. ഇതോടെ ഇവിടത്തെ ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
ആർച്ച് മാതൃകയിൽ ഇളക്കി മാറ്റാവുന്ന ഘടനയിലാണ് നിർമ്മാണം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള സി.സി ടിവി കാമറകളിൽ നിന്ന് പൊലീസ് കൺട്രോൾ റൂമിലേക്കായിരിക്കും ദൃശ്യങ്ങൾ പോവുക. ഒരു സെക്യൂരിറ്റി റൂം, മഴ നനയാതിരിക്കാനുള്ള മേൽക്കൂര, എൽ.ഇ.ഡി ലൈറ്റുകൾ എന്നിവയും കാൽനട മേൽപ്പാലത്തിന്റെ സവിശേഷതകളാണ്. 1.10 കോടി രൂപ ചെലവിൽ സൺ ഇൻഫ്രാ സ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്ട് ഓവർ ബ്രിഡ്ജിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
നഗരസഭയുടെ കീഴിൽ കിഴക്കേകോട്ടയിൽ ആക്‌സസോ എൻജിനിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ 100 മീറ്റർ നീളമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ഫുട്ട് ഓവർ ബ്രിഡ്ജിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ മേയർ കെ. ശ്രീകുമാർ പറഞ്ഞു. വി.കെ.പ്രശാന്ത് എം.എൽ.എ , കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവർ മുഖ്യാതിഥികളായി. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വഞ്ചിയൂർ പി. ബാബു, പാളയം രാജൻ, എസ്.പുഷ്പലത, സി . സുദർശൻ, സൺ ഇൻഫ്രാസ്ട്രക്ച്ചർ എം.ഡി എസ്.റഹിം, കൗൺസിലർമാരായ ജോൺസൺ ജോസഫ്, ത്രേസ്യാമ്മാ തോമസ്, എസ്.ശിവദത്ത്, സെക്രട്ടറി എൽ.എസ്. ദീപ എന്നിവർ സന്നിഹിതരായിരുന്നു.