വെഞ്ഞാറമൂട്: ബി.ജെ.പി സംസ്ഥാന സമിതി അംഗവും കർഷകമോർച്ച ജില്ലാ സെക്രട്ടറിയുമായ നെല്ലനാട് ശശിയുടെ കാർ ആക്രമിച്ച സംഭവത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്‌തു. പുലമ്പാറ റോഡരികത്ത് വീട്ടിൽ അംജദ് (23), പന്തപ്ലാവിള കോളനി വീട്ടിൽ മഹേഷ് (27), പാലാംകോണം പുതുവൽ കണ്ടത്തിൽ വീട്ടിൽ സുജിത് (27) എന്നിവരെയാണ് വെഞ്ഞാറമൂട് സി.ഐ വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 14ന് പന്തപ്ലാവിക്കോണത്ത് ആർ.എസ്.എസ് - ഡി.വൈ.എഫ്.ഐ സംഘർഷവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലേക്ക് വരുമ്പോഴാണ് നെല്ലനാട് ശശിയുടെ കാർ ആക്രമിച്ചത്. കാറിലുണ്ടായിരുന്ന നെല്ലനാട് ശശി, വിപിൻ ദേവ്,​ കിരൺ ലാൽ,​ ശിവപ്രസാദ് എന്നിവർക്ക് പരിക്കേറ്റിരുന്നു.