തിരുവനന്തപുരം: മൈതാനങ്ങളിൽ ലക്ഷങ്ങളെ അണിനിരത്തുന്ന രാഷ്ട്രീയ സമ്മേളനങ്ങൾ നിരവധി കണ്ട കേരളത്തിന് ഡൽഹിയിലും തിരുവനന്തപുരത്തുമായി ബി.ജെ.പി സംഘടിപ്പിച്ച വെർച്വൽ റാലി പുതിയ അനുഭവമായി. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജഗത് പ്രകാശ് നദ്ദയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ‌ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ തിരുവനന്തപുരത്ത് തൈക്കാട് ഗണേശത്തിൽ തയ്യാറാക്കിയ വേദിയിലിരുന്നുമാണ് പരിപാടിയിൽ പങ്കെടുത്തത്. രണ്ടിടങ്ങളിലും പരസ്പരം കാണാൻ വലിയ വീ‌ഡിയോ വാളുകളും കാമറകളും സജ്ജമാക്കിയിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രസംഗിച്ചതിന് ശേഷം ഡൽഹിയിൽ നിന്ന് ദേശീയ അദ്ധ്യക്ഷന്റെ പ്രസംഗമായിരുന്നു. സംസ്ഥാന ഘടകത്തിന്റെ ഫേസ് ബുക്ക് ഗ്രൂപ്പുകളിലൂടെ 3.6 ലക്ഷത്തോളം പേർ തത്സമയം റാലിയിൽ പങ്കെടുത്തു. ഓരോ ഗൂപ്പിലും എത്രപർ കണ്ടു എന്നുനോക്കിയാണ് പങ്കാളിത്തം വിലയിരുത്തിയത്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ റാലിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഒ.രാജഗോപാൽ എം.എൽ.എ ദീപം തെളിച്ചു. സുരേഷ് ഗോപി.എം.പി, പി.കെ.കൃഷ്ണദാസ്,​ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോ‌ർജ്ജ് കുര്യൻ,​ പി.സുധീർ,​ ജില്ലാ പ്രസി‌ഡന്റ് വി.വി.രാജേഷ് ,​ കെ.രാമൻപിള്ള,​ എസ്.സുരേഷ് എന്നിവരും പങ്കെടുത്തു.