തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞിട്ടും, കെ.എസ്.ഇ.ബി
വരുമാനത്തിൽ കുത്തനെ വർദ്ധന. ഒാഫീസുകളും, സ്ഥാപനങ്ങളും, വ്യാപാര-വ്യവസായശാലകളും മറ്റും അടഞ്ഞു കിടന്നതിനാൽ, 300 കോടിയോളം രൂപയുടെ നഷ്ടമാണ് ബോർഡ് പ്രതീക്ഷിച്ചത്.എന്നാൽ,
നഷ്ടമുണ്ടായില്ലെന്ന് മാത്രമല്ല,500 കോടിയോളം രൂപയുടെ അധിക വരുമാനം ലഭിക്കുകയും ചെയ്തതായാണ് അനൗദ്യോഗിക കണക്ക്. ഉപഭോക്താക്കളെ ഷോക്കടിപ്പിച്ച അമിത തുകയുടെ ബില്ലുകളുടെ വ്യാപ്തി ബോർഡിന്റെ ഈ 'മറിമായ'ത്തിൽ നിന്ന് വ്യക്തം.
വൈദ്യുതി ഉപയോഗത്തിൽ ഏപ്രിൽ,മേയ് മാസങ്ങൾക്കിടെ, 18.2 ശതമാനത്തിന്റെ കുറവുണ്ടായി.ബോർഡിന് പ്രതിദിനം ശരാശരി 15 കോടിയുടെ നഷ്ടവുമുണ്ടായെന്നായിരുന്നു കണക്ക്. മീറ്റർ റീഡിംഗ് നടത്താതെ അടിച്ചു കൊടുത്ത ബില്ലുകളിൽ കാര്യമായ പിഴവുകളില്ലെന്ന് ബോർഡ് ആവർത്തിക്കുമ്പോഴും, പരാതികൾ കോൾ സെന്ററുകളിലും ബോർഡ് ഒാഫീസുകളിലും നിറയുന്നു. ഒരു ലക്ഷത്തിലേറെ പരാതികളെത്തിയെന്നാണ് ഒൗദ്യോഗിക സ്ഥിരീകരണം. ശരിയായ കണക്ക് ഇതിന്റെ പല ഇരട്ടിയും.
പരാതിക്കാരെ സാങ്കേതികത്വവും പിടി കിട്ടാത്ത കണക്കുകളും പറഞ്ഞ് വിരട്ടുകയാണ് കെ.എസ്.ഇ.ബി.
വഴങ്ങാതെ നിൽക്കുന്നവരെ അടുത്ത ബില്ലിൽ അഡ്ജസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് മടക്കും. സിനിമാതാരം മണിയൻപിള്ള രാജുവിന് 46000 രൂപയുടെ ബിൽ. സാധാരണ രണ്ട് മാസത്തിൽ 8000 രൂപയുടെ ബില്ലാണ് വന്നിരുന്നത്. ലോക്ക് ഡൗണിൽ കൂടിയത് ആറിരട്ടി . അടച്ചിട്ടിരുന്ന വീടുകൾക്ക് പോലും മൂന്നും നാലും ഇരട്ടി തുകയുടെ ബിൽ.
വൈദ്യുതി ഉപഭോഗം
(യൂണിറ്റിൽ )
ഏപ്രിൽ -2019 -92 ദശലക്ഷം
മേയ് -2020 -69 ദശലക്ഷം
ശരാശരി കുറവ് -18.12 %
ഗാർഹിക
ഉപഭോക്താക്കൾ -1.27 കോടി