പോത്തൻകോട് : കഴക്കൂട്ടം മണ്ഡലത്തിൽ ഉൾപ്പെടുന്ന മണ്ണന്തല -കേരളാദിത്യപുരം -പൗഡിക്കോണം -ശ്രീകാര്യം റോഡ് ഹൈട്ടെക്കാകുന്നു. ഇതിലേക്കായി 41.8 കോടി രൂപയാണ് വകയിരുത്തുന്നത്. ഇടുങ്ങിയ ഈ റോഡിന് ആവശ്യത്തിന് വീതിയില്ലാത്തത് കാരണം തുടർച്ചയായ അപകടങ്ങളും വാഹനപ്പെരുപ്പം മൂലം ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. ടെക്നോപാർക്കിലേക്കുള്ള വാഹനങ്ങളുടെ ആധിക്യം കൂടിയായപ്പോൾ ഇടറോഡുകളിലേക്ക് വാഹനങ്ങൾക്ക് കയറാനോ, ഇടറോഡുകളിൽ നിന്ന് പ്രധാന റോഡുകളിലേക്ക് കയറാനോ കഴിയാതെ വാഹനയാത്രക്കാർ മണിക്കൂറുകളോളം ബുദ്ധിമുട്ട് അനുഭവിക്കേണ്ട അവസ്ഥയാണ്. റോഡിന്റെ ഓട കഴിഞ്ഞുള്ള ഭാഗം പരമാവധി ടാറും കോൺക്രീറ്റും ചെയ്തെങ്കിലും റോഡിന്റെ ഓരം ചേർന്നിരിക്കുന്ന കെട്ടിടങ്ങൾ റോഡ് വികസനത്തിന് വലിയ തടസമാണ്. തുടർന്നാണ് ആദ്യഘട്ടത്തിൽ റോഡിന്റെ വീതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കാൻ നടപടി ആരംഭിച്ചത്. അളവ് തുടങ്ങി കല്ലിടൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
2017-18 ബഡ്ജറ്റിൽ ഭരണാനുമതി ലഭിച്ചത് 200 കോടി (വീതി കൂട്ടി നവീകരിക്കുന്നതിന് ആവശ്യമായ സ്ഥലമേറ്റെടുപ്പിനും കൂടി കണക്കാക്കി)
റോഡ്- 6.71 കിലോമീറ്റർ നീളം 14 മീറ്റർ വീതി
നിർമ്മാണം 2 ഘട്ടം
ആദ്യ ഘട്ടം മണ്ണന്തല - കേരളാദിത്യപുരം - പൗഡിക്കോണം വരെ
രണ്ടാം ഘട്ടം സൊസൈറ്റി ജംഗ്ഷൻ മുതൽ ശ്രീകാര്യം വരെ
വകയിരുത്തിയത് 80.42 കോടി
ആദ്യഘട്ടത്തിനായി വകയിരുത്തിയത് 41.86 കോടി രൂപ
നിർമ്മാണം ഇങ്ങനെ
ആധുനിക രീതിയിൽ വീതി കൂട്ടി ബി.എം ആൻഡ് ബി.സി പദ്ധതി പ്രകാരമാണ് റോഡ് നവീകരിക്കുന്നത്. പോത്തൻകോട് മുതൽ പൗഡിക്കോണം ചന്തമുക്ക് വരെ കേന്ദ്ര സർക്കാരിന്റെ പദ്ധതിയിലുൾപ്പെടുത്തി റോഡ് നവീകരണം പൂർത്തിയാക്കിയിരുന്നു. മണ്ണന്തല -കേരളാദിത്യപുരം -പൗഡിക്കോണം വരെയായിരുന്നു ആദ്യം പദ്ധതി തയ്യാറാക്കിയിരുന്നത്. പിന്നീട് ശ്രീകാര്യം ജംഗ്‌ഷൻ വരെ നീട്ടുകയായിരുന്നു. രണ്ട് വരി പാതയായി വികസിപ്പിക്കുന്ന റോഡിൽ ഇരുവശത്തും ഓടകളും ഫുട്പാത്തുകളും നിർമ്മിക്കും. ആധുനിക റോഡ് മാർക്കുകളും സിഗ്നൽ സ്റ്റഡുകളും ദിശാബോർഡുകളും സ്ഥാപിക്കും. വാട്ടർ അതോറിട്ടിയുടെ പ്രധാന പൈപ്പ് ലൈൻ കടന്നുപോകുന്ന ശ്രീകാര്യം - പൗഡിക്കോണം റോഡ് അടിക്കടി തകരുന്നതിനാൽ ഈ റോഡിലെ യാത്ര ദുസ്സഹമായിരുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണികൾ കാരണം റോഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകർന്ന അവസ്ഥയിലായിരുന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡ് നവീകരിക്കുന്നതോടെ പ്രദേശത്തെ വികസന സാദ്ധ്യതകളും ഉയരുമെന്നാണ് പ്രതീക്ഷ. ശ്രീകാര്യത്തു നിന്ന് പോത്തൻകോട് ഭാഗത്തേക്കും മണ്ണന്തല ഭാഗത്തേക്കും എളുപ്പത്തിൽ എത്താൻ കഴിയുന്നതിനാൽ നൂറുകണക്കിന് യാത്രക്കാരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.
നാല് മാസം കൊണ്ട് സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കും. തുടർന്ന് റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ മാതൃകാ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. -അധികൃതർ
ശ്രീകാര്യം ഭാഗത്തേക്ക് കൂടി റോഡ് പദ്ധതി നീട്ടേണ്ടിവന്നതിനാൽ പദ്ധതി നടത്തിപ്പിൽ ചെറിയ കാലതാമസം നേരിട്ടിരുന്നു. എന്നാൽ സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചതോടെ രണ്ടുഘട്ടവും ഒന്നിച്ച് ടെൻഡർ വിളിച്ച് സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് ശ്രമം.-സുധീഷ്‌കുമാർ, പൊതുമരാമത്ത് എ.ഇ, കഴക്കൂട്ടം ഡിവിഷൻ