കാട്ടാക്കട : കാട്ടാക്കട പഞ്ചായത്ത് ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ചു. നിലവിൽ 16 മുതൽ 21 വരെയുള്ള ആറു വാർഡുകൾ കൂടാതെ ചന്ദ്രമംഗലം, ആമച്ചൽ, കുളത്തുമ്മൽ, പ്ലാവൂർ വാർഡുകൾ കൂടെ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. എട്ടിരുത്തി വാർഡിലുള്ള ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കാട്ടാക്കട പത്തു വാർഡുകൾ കണ്ടെയിന്മെന്റ് സോണായും പഞ്ചായത്ത് ഹോട്ട് സ്പോട്ട് ആയും പ്രഖ്യാപിച്ചത്. ഇവരുടെ സമ്പർക്ക പട്ടിക അനുസരിച്ചാണ് ഇപ്പോൾ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതനുസരിച്ച് അവശ്യ സർവീസ്, അത്യാവശ്യ സാധനങ്ങളുടെ വില്പന കേന്ദ്രങ്ങൾ ഒഴികെ ഒന്നും തുറക്കില്ല. വാഹനങ്ങൾക്കും യാത്രക്കാർക്കും നിയന്ത്രണം ഉണ്ടാകും. കാട്ടാക്കട മാർക്കറ്റ് റോഡ് പൂർണമായും നിയന്ത്രണ പരിധിയിൽ ആകുമെന്നും താലൂക്ക് അധികൃതർ പറഞ്ഞു. ആരോഗ്യ പ്രവർത്തക സഞ്ചരിച്ച ഇടങ്ങൾ കഴിഞ്ഞ ദിവസം കണ്ടെയിൻമെന്റ് സോൺ പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. ജംഗ്ഷൻ കേന്ദ്രീകരിച്ച് ഒരു ഭാഗം മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നതിലെ അപാകതയും ഉണ്ടായിരുന്നു. കൂടാതെ കൊവിഡ് ബാധിച്ച ആരോഗ്യ പ്രവാർത്തകളുടെ മകൾ ജോലി ചെയ്തിരുന്ന പാൽ സംസ്‌കരണ കേന്ദ്രത്തിൽ ഇവരോടൊപ്പം ജോലി ചെയ്ത ജീവനക്കാരെ ക്വറന്റൈനിൽ പോകാൻ നിർദ്ദേശം നൽകി.