തിരുവനന്തപുരം: നികുതി വകുപ്പിനു കീഴിലുള്ള കാരുണ്യ ബെനവലന്റ് ഫണ്ട് (കെബി.എഫ്) ചികിത്സാ പദ്ധതി മൂന്നു മാസത്തേക്കു കൂടി നീട്ടി സർക്കാർ ഇന്നലെ ഉത്തരവിറക്കി. 2019 ജൂലായ് 3നു മുമ്പ് ചികിത്സാ അനുമതി ലഭിച്ച മുപ്പതിനായിരത്തോളം രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇവർക്ക് നിലവിൽ നൽകുന്ന ഇളവുകൾ സെപ്‌തംബർ 30 വരെ തുടരാം. അതിനുള്ളിൽ പദ്ധതി പൂർണമായും പുതുതായി ആരംഭിച്ച, ആരോഗ്യ വകുപ്പിനു കീഴിലുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)യിൽ ലയിപ്പിക്കാൻ നടപടിയെടുക്കാനും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ 15 ദിവസമായി നീളുന്ന അനിശ്ചിതത്വത്തിനാണ് ഈ ഉത്തരവോടെ വിരാമമാകുന്നത്. നികുതി വകുപ്പിന്റെ ഉത്തരവില്ലാതെ ചികിത്സാ സഹായം തുടരാൻ കഴിയില്ലെന്നായിരുന്നു വിവിധ ആശുപത്രികൾ രോഗികളെ അറിയിച്ചത്.