തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയ്‌ക്ക് ഇഷ്ടക്കേട് തോന്നിയ ഡോക്ടറെ ജനറൽ ആശുപത്രിയിൽ നിന്നു മാറ്റി. കൊവിഡ് സ്രവ പരിശോധനയുടെ ചുമതലയുണ്ടായിരുന്ന ഡോക്ടറെയാണ് മാറ്റിയത്. വർക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ ജോലിനോക്കിയിരുന്ന ഇവരെ നേമം ആശുപത്രിയിലേക്കാണ് മാറ്റിയത്. ഇതോടെ ഇന്ന് മുതൽ ആരാകും പരിശോധനയുടെ അധികാരിയെന്ന കാര്യത്തിൽ വ്യക്തതയില്ല. കൊവിഡ് കാലത്തുണ്ടായ ഈ നടപടിയിൽ ആശുപത്രിയിലെ ഭൂരിഭാഗം ഡോക്ടർമാരും പ്രതിഷേധത്തിലാണ്. സംഭവം ഇങ്ങനെ- മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുള്ള മലബാർ സ്വദേശിയുടെ ഭാര്യ ജനറൽ ആശുപത്രിയിലെ ‌ഡോക്ടറാണ്. കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ക്വാറന്റൈനിൽ പോകുന്ന ഇവർ സ്രവം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. അന്നേദിവസം തിരക്കായതിനാൽ അടുത്തദിവസം സ്രവമെടുക്കാമെന്ന് പറഞ്ഞു. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം. കൊവിഡ് ഡ്യൂട്ടി കഴിയുന്ന ഡോക്ടർമാർക്ക് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം സ്രവം പരിശോധിച്ചാൽ മതിയെന്നിരിക്കെയാണ് പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ പിടിവാശി. ജനറൽ ആശുപത്രിയിലെ ഏക മൈക്രോ ബയോളജിസ്റ്റിനെയാണ് വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ മാറ്റിയിരിക്കുന്നത്. അതേസമയം നാളുകളായി ജനറൽ ആശുപത്രിയിൽ ആഭ്യന്തര കലഹം രൂക്ഷമാണ്. സൂപ്രണ്ടിനെപ്പോലും നോക്കുകുത്തിയാക്കിക്കൊണ്ട് ഒരു വിഭാഗം ഡോക്ടർമാർ ഭരണം കൈയാളുന്നുവെന്ന ആക്ഷേപം ശക്തമാണ്.