koda

അടിമാലി: കൊന്നത്തടി മാങ്ങാപ്പാറയിലെ രണ്ട് വീടുകളിൽ നിന്നായി അഞ്ച് ലിറ്റർ ചാരായവും 50 ലിറ്റർ കോടയും അടിമാലി നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം പിടിച്ചെടുത്തു. മാങ്ങാപ്പാറ സ്വദേശിയായ നടുവിലേക്കുറ്റ് ഫ്രാൻസീസ് മാത്യുവിന്റെ വീട്ടിലായിരുന്നു സംഘം ആദ്യം പരിശോധന നടത്തിയത്. ഇയാളുടെ വീടിനോട് ചേർന്ന ശൗചാലയത്തിൽ നിന്ന് 50 ലിറ്റർ കോട കണ്ടെടുത്തു. ഫ്രാൻസീസ് മാത്യുവിന്റെ വീടിന് സമീപത്തായുള്ള ചെറുനിലത്ത് പുത്തൻപുരക്കൽ ടോമി അഗസ്റ്റിന്റെ വീട്ടിൽ നിന്നുമാണ് അഞ്ച് ലിറ്റർ ചാരായം കണ്ടെടുത്തത്. ടോമിയുടെ വീടിന്റെ ഹാളിലായിരുന്നു ചാരായം സൂക്ഷിച്ചിരുന്നത്. ഫ്രാൻസിസും ടോമിയും സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടതായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. പ്രസാദ് പറഞ്ഞു. ലോക്ക്ഡൗൺ കാലയളവ് മുതൽ പ്രതികൾ ചാരായ നിർമ്മാണം നടത്തി ലിറ്ററൊന്നിന് 1500 രൂപ നിരക്കിൽ വിൽപ്പന നടത്തി വരികയായിരുന്നെന്നാണ് നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം നൽകുന്ന വിവരം. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഒരു മാസത്തിലധികമായി പ്രതികൾ ഇരുവരും ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. രക്ഷപ്പെട്ട ഫ്രാൻസീസിനും ടോമിക്കുമായി എക്‌സൈസ് സംഘം അന്വേഷണം ആരംഭിച്ചു. പരിശോധനയിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. പ്രസാദ്, പ്രിവന്റീവ് ഓഫീസർ കെ.വി. സുകു, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാന്റി തോമസ്, കെ.എസ്. മീരാൻ, ഹാരിഷ് മൈതീൻ, രഞ്ജിത്ത് കവിദാസ്, ശരത് എസ്.പി എന്നിവർ പങ്കെടുത്തു.