june16c

ആറ്റിങ്ങലിൽ: ഗൾഫിൽ നിന്നെത്തി ക്വാറന്റൈൻ പൂർത്തിയാക്കിയ യുവാവിനെ ഭാര്യ വീട്ടിനു സമീപം തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മണമ്പൂർ മുള്ളറംകോട് സ്വദേശി സുനിലിനെയാണ് (33) പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വിളയിൽമൂല കൊടുമം കോളനിയ്ക്കു സമീപമാണ് ഇയാൾ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. മേയ് 21നാണ് സുനിൽ ഗൾഫിൽ നിന്നും നാട്ടിലെത്തി മണമ്പൂരിലെ വീട്ടിൽ നിരീക്ഷണത്തിലായത്. ഇയാളുടെ ഭാര്യയുടെ സ്വദേശമാണ് ആറ്റിങ്ങൽ വിളയിൽമൂല. ഭാര്യയും മകനും ഭാര്യയുടെ അച്ഛനും അമ്മയും സഹോദരിയും വിളയിൽമൂലയിൽ വാടക വീട്ടിലാണ് താമസം. നാല് മാസം മുൻപാണ് ഇയാൾ ഗൾഫിലേയ്ക്ക് പോയത്. ഇതിനു മുൻപുതന്നെ ഭാര്യ വിജയലക്ഷ്മിയുമായി പിണങ്ങി വിവാഹ മോചനം നേടിയിരുന്നു. മകൻ വിഘ്‌നേഷിനെ കാണാനാണ് ക്വാറന്റൈൻ പൂർത്തിയാക്കിയ ഉടൻ സുനിൽ വിളയിൽമൂലയിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. മകനെ കണ്ട് സംസാരിക്കുകയും ചുംബിക്കുകയും ചെയ്ത ശേഷം അച്ഛൻ വന്നത് ആരോടും പറയരുതെന്ന് പറഞ്ഞു. പിന്നീട് ഭാര്യ വീടിനു സമീപം പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യചെയ്യുകയായിരുന്നെന്നാണ് വിവരം. ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. തീ ആളിക്കത്തുന്നത് കണ്ട് ആളുകൾ ഓടിക്കൂടിയെങ്കിലും സുനിലിനെ രക്ഷിക്കാനായില്ല.

ആരോഗ്യ വിഭാഗവും ശുചീകരണ വിഭാഗം ജീവനക്കാരും പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ളവ ധരിച്ചാണ് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയത്.. പരിസരം അണുവിമുക്തമാക്കി. കൊവിഡ് പരിശോധനയ്ക്കു ശേഷമേ മറ്റ് നടപടികൾ സ്വീകരിക്കൂവെന്ന് സി.ഐ ദിപിൻ പറഞ്ഞു. ബി.സത്യൻ എം.എൽ.എ,​ നഗരസഭാ ചെയർമാൻ എം.പ്രദീപ്,​ ഹെൽത്ത് സൂപ്പർ വൈസർ ബി.അജയകുമാർ,​താലൂക്ക് ആശുപത്രി സൂപ്രണ്ട് ജസ്റ്റിൻ ജോസ് എന്നിവൻ സംഭവസ്ഥലത്തെത്തി.