paadam

കിളിമാനൂർ; സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കിളിമാനൂർ ബ്ലോക്കിന് കീഴിലെ നാൽപ്പത് ഏക്കറോളം പാടശേഖരത്തിൽ വിത്തിറക്കി. പത്ത് വർഷത്തിലധികമായി തരിശ് കിടന്ന നാവായിക്കുളം പഞ്ചായത്തിലെ വടക്കേവയൽ ഏലായിലാണ് കൃഷിയിറക്കിയത്. ഞാറ്റുപാട്ടിന്റെ ഈണത്തിനൊപ്പം ഞാറ് നടാൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും കൂടി. മുപ്പതോളം പ്രദേശവാസികളായ വനിതാ കർഷകത്തൊഴിലാളികൾക്കൊപ്പം കുറച്ച് സമയം മന്ത്രിയും ഞാറുനട്ടു. സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യസ്വയംപര്യാപ്തതാ പദ്ധതിയായ സുഭിക്ഷകേരളത്തിന്റെ ഭാ​ഗമായാണ് ഈ പാടശേഖരത്തിൽ വീണ്ടും നെൽകൃഷി ആരംഭിച്ചത്. നെൽകൃഷിക്കായി കാർഷിക ​ഗ്രൂപ്പുകളെ സജ്ജമാക്കി സാമ്പത്തിക സഹായവുമായി നാവായിക്കുളം ഫാർമേഴ്സ് വെൽഫെയർ സഹകരണസംഘവും. നാവായിക്കുളം ഫാർമേഴ്സ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഈ പാടശേഖരമുൾപ്പെടെ മൂന്ന് ഏലാകളിലായി 38 ഏക്കറിലാണ് കൃഷിയിറക്കുന്നത്. കാർഷികകർമ്മസമിതിയുടെ നേതൃത്വത്തിൽ യന്ത്രങ്ങൾ ഉപയോ​ഗിച്ച് ഉഴുത് പരുവപ്പെടുത്തിയ മണ്ണിൽ അത്യുല്പാദനശേഷിയുള്ള ഉമ നെൽ വിത്താണ് നടുന്നത്. നാവായിക്കുളം കൃഷി ഭവന്റെ മേൽനോട്ടവുമുണ്ട്. നടീൽ ഉദ്ഘാടനയോ​ഗം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് വെൽഫെയർ സർവ്വീസ് സഹകരമ സംഘം പ്രസിഡന്റ് ജി .വിജയകുമാർ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മറ്റിയം​ഗം അഡ്വ. മടവൂർ അനിൽ, വി. ജോയി എം.എൽ.എ, ഏരിയാ സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, നാവായിക്കുളം പ‍ഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി, അഡ്വ. ജി. രാജു, ഇ. ജലാൽ, എൻ. രവീന്ദ്രൻ ഉണ്ണിത്താൻ, അഡ്വ. എസ്. സുധീർ, കൃഷി ഓഫീസർ സുരേഷ്, ബി.കെ. പ്രസാദ് സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു. സി.പി.എം അടയമൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടയമൺ ഏലായിലെ രണ്ടര ഏക്കറോളം വരുന്ന പാടശേഖരത്ത് വിത്തിറക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം മടവൂർ അനിൽ, ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ, ഇ. ഷാജഹാൻ, എ. ഷാജഹാൻ, പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.