petrol

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില തുടർച്ചയായ പതിനൊന്നാം ദിവസവും ഉയർന്നു. പെട്രോൾ ലീറ്ററിന് 55 പൈസയും ഡീസൽ 57പൈസയുമാണ് വർദ്ധിച്ചത്. കൊച്ചി നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 77.54 രൂപയാണ്. 71.86 രൂപയാണ് ഡീസൽ വില. 10 ദിവസം കൊണ്ട് പെട്രോളിന് ഉയർന്നത് 6.03രൂപയും ഡീസലിന് 6.08 രൂപയുമാണ്.

ലോക്ക് ഡൗൺ സമയത്ത് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞെങ്കിലും, അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതെ എക്സൈസ് തീരുവ കുത്തനെ കൂട്ടുകയായിരുന്നു കേന്ദ്ര സർക്കാർ ചെയ്തത്. പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമായിരുന്നു തീരുവ ഉയർത്തിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 40 ഡോളറിൽ നിന്ന് 38 ഡോളറായിട്ടും ആനുകൂല്യം ജനങ്ങൾക്ക് ലഭിക്കാത്ത അവസ്ഥയാണ്.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഒായിൽ വില കുത്തനെ ഇടിയുമ്പോഴാണ് തുടർച്ചയായ പതിനൊന്നാം ദിവസവും രാജ്യത്തെ ഇന്ധന വിലവർദ്ധന. ചില്ലറപൈസവച്ച് ദിവസവുമുണ്ടാകുന്ന വർദ്ധന ചിലരെങ്കിലും അറിഞ്ഞിട്ടില്ല. പക്ഷെ ഒരാഴ്ചയ്ക്കിടെ ഇന്ധനവില തുടർച്ചയായി കൂടുന്നത് സഹിക്കാവുന്നതിനുമപ്പുറമാണെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നവരാണ് ഏറെയും.