nri

1983ൽ ആണ് ഇന്ത്യയിൽ കുടിയേറ്റ നിയമം സമഗ്രമായി പരിഷ്കരിച്ചത്. Emigration Act 1983. ആ നിയമപ്രകാരം വിദേശത്തേക്ക് തൊഴിൽ തേടി പോകുന്ന വിദ്യാസമ്പന്നരല്ലാത്ത (ബിരുദവും മറ്റ് ഉന്നത വിദ്യാഭ്യാസവും) ആളുകൾ ഏതു രാജ്യത്താണോ പോകുന്നത് ആ രാജ്യത്തേക്കുള്ള ഒറ്റ വഴി ( One way) ടിക്കറ്റിന്റെ പൈസ എമിഗ്രേഷൻ ഓഫീസുകളിൽ അടയ്ക്കണമായിരുന്നു. അത് 1850 രൂപ മുതൽ 4200 രൂപ വരെ രാജ്യങ്ങൾക്ക് അനുസരിച്ച് വ്യത്യാസമുണ്ടായിരുന്നു. മൂന്നുവർഷത്തിനുശേഷം ഈ തുക ആവശ്യപ്പെടുന്നവർക്ക് മടക്കി കൊടുക്കുമെന്നായിരുന്നു നിയമം. ഇതിന്റെ രസീത് ഒരു തുണ്ടു കടലാസായിരുന്നു. മിക്കവരുടെയും കൈയിൽ നിന്ന് ഈ രസീത് നഷ്ടപ്പെട്ടു. മഹാഭൂരിപക്ഷം പേരും ഈ പണം തിരികെ വാങ്ങിയില്ല. അഥവാ ഈ രസീത് കൈവശമുള്ളവർ അർഹതപ്പെട്ട പണം തിരികെ വാങ്ങാനായി ഓഫീസിൽ സമീപിച്ചപ്പോൾ നൂലാമാല കാരണം പല പ്രാവശ്യം നടക്കേണ്ടതിനാൽ പണം ഉപേക്ഷിച്ചവരാണ് ഏറെയും. മലയാളിയായ ഒരാൾ ബോംബെയിലാണ് (അന്ന് കൂടുതലും യാത്രകൾ ബോംബെ വഴി) അടച്ചതെങ്കിൽ അയാൾ ബോംബെ ഓഫീസിൽ പലപ്രാവശ്യം പോകണമായിരുന്നു.

1983 മുതൽ 2003 വരെ ഈ നിയമം നിലനിന്നു. ഇതിനിടയിൽ ലക്ഷക്കണക്കിന് ചെറുപ്പക്കാർ, ബിരുദം ഇല്ലാത്തവർ ഇന്ത്യ വിട്ടു. അവർ അടച്ച പണം എത്രയോ കോടി വരും. 2007- ൽ അന്നത്തെ മഞ്ചേരി പാർലമെന്റംഗമായിരുന്ന ടി.കെ. ഹംസ ഈ ചോദ്യം പാർലമെന്റിൽ ഉന്നയിച്ചു. പ്രവാസികാര്യവകുപ്പ് മന്ത്രിയായിരുന്ന വയലാർ രവി കൊടുത്ത 'വ്യക്തതയില്ലാത്ത മറുപടിയിൽ ആ പണം ഏകദേശം ഇരുപതിനായിരം കോടി വരുമെന്നാണ് പറഞ്ഞത്. 2007-ൽ ഇരുപതിനായിരം കോടിയാണെങ്കിൽ ഈ പതിമൂന്ന് വർഷം കൊണ്ട് പലിശയും കൂട്ടി അൻപതിനായിരം കോടിയിൽ അധികം ഉണ്ടാകില്ലേ.

ഓരോ എമിഗ്രേഷൻ ഓഫീസിലേക്കും പണം കെട്ടിയിട്ടുള്ളത് വ്യക്തികളായതുകൊണ്ട് ആ പണം വ്യക്തികളുടെ അക്കൗണ്ടിൽ തന്നെയാണെന്നും ഗവൺമെന്റിന് ഇതിൽ ഇടപെടാൻ കഴിയില്ലെന്നും ഒരു വാദമുണ്ട്. അങ്ങനെയെങ്കിൽ എമിഗ്രേഷൻ ഓഫീസ് വഴി ഈ പണം അടച്ച പൊതുമേഖലാ ബാങ്കുകളിൽ ഈ പൈസ കെട്ടി കിടക്കുകയല്ലേ, ആ പൈസ തിരിച്ചെടുക്കാനും മറ്റ് പ്രവാസി ക്ഷേമപ്രവർത്തനത്തിനും ഉപയോഗിക്കാനുള്ള നിയമം കൊണ്ടുവരാൻ കേന്ദ്ര ഗവൺമെന്റ് എന്തിനു മടിക്കണം. ഇനിയും അഥവാ ഏതെങ്കിലും വ്യക്തികൾ തങ്ങളുടെ കൈവശമുള്ള രേഖയുമായി കോടതിയെ സമീപിച്ചാൽ അത് നേരിടാൻ കൂടി പാകത്തിൽ നിയമം ഉണ്ടാക്കാൻ ഗവൺമെന്റിന് കഴിയുമല്ലോ.

2003 ഒക്ടോബർ 1 മുതൽ 83ലെ നിയമത്തിൽ മാറ്റമുണ്ടായി. 'പ്രവാസി ഭാരതീയ ബീമ യോജന" എന്ന ഇൻഷ്വറൻസ് ഓരോ പ്രവാസിയും എടുക്കണമെന്നും സർവീസ് ചാർജ് ആയി 200 രൂപ മാത്രം അടച്ചാൽ മതിയെന്നുമായ ചട്ടം.അതായത് 25-11-2003 വരെ ഒരു വശത്തേക്കുള്ള ടിക്കറ്റ് പണം അടയ്ക്കണമെന്ന നിയമം നിലവിലുണ്ടായിരുന്നു.

2007ൽ പാർലമെന്റിൽ കിട്ടിയ കണക്കനുസരിച്ച് ഇപ്പോൾ അൻപതിനായിരം കോടി വരുമെന്ന് ഊഹിക്കാമെങ്കിലും ഈ വിഷയത്തിൽ പഠനം നടത്തിയിട്ടുള്ള ചിലർ അനൗദ്യോഗികമായി പറയുന്നത് ഒരു ലക്ഷം കോടിയിലധികം വരുമെന്നാണ്.

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട്

ഇന്ത്യൻ പ്രവസികളുടെ ദുരിതാശ്വാസ ഫണ്ട് എന്ന സംവിധാനം നിലവിൽ വന്നത് 2009-ൽ ആണ്. ദുരിതത്തിലാകുന്ന പ്രവാസികൾക്ക് ആശ്വാസമാകാൻ വേണ്ടി, അടിയന്തര ഘട്ടങ്ങളിൽ അവരെ തിരിച്ചുകൊണ്ടുവരേണ്ടിവന്നാൽ അങ്ങനെ ചെയ്യാൻ വേണ്ടി, അല്ലെങ്കിൽ സമ്പൂർണമായ പ്രവാസി ക്ഷേമത്തിനുവേണ്ടി സമഗ്രമായി വിഭാവനം ചെയ്ത സംവിധാനം. കോടാനുകോടി രൂപയാണ് ഈ അക്കൗണ്ടിൽ ഉള്ളത്. നിയമസഹായം, താത്കാലിക താമസം ഒരുക്കൽ തുടങ്ങി ദേശീയ ആഘോഷങ്ങൾ വിദേശത്ത് നടത്താൻ വരെ ഒട്ടുമിക്ക പ്രവാസി ആവശ്യങ്ങളും പരിഗണിക്കുന്ന രീതിയിലാണ് ഇതിന്റെ രേഖകൾ. പക്ഷെ രേഖകൾ മാത്രമേയുള്ളൂ. ഏട്ടിലെ പശു പുല്ലു തിന്നില്ല എന്ന് പറഞ്ഞതുപോലെ.

ലോക ബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച് സ്വന്തം രാജ്യത്തേക്ക് ഏറ്റവും പണം അയയ്ക്കുന്നത് ഇന്ത്യക്കാരാണ്. പ്രവാസി ഇന്ത്യക്കാർ 2018ൽ മാത്രം ഇന്ത്യയിലേക്കയച്ചത് 80 ബില്യൺ ഡോളർ ആണ്. അതായത് 6 ലക്ഷം കോടി രൂപ.

വന്ദേഭാരത് ദൗത്യം

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗൾഫിൽ മരണ നിരക്ക് വർദ്ധിച്ചപ്പോൾ മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പ്രവാസികൾ ആശങ്കപ്പെട്ടപ്പോൾ ആരംഭിച്ച ദൗത്യമാണ് വന്ദേഭാരത്. എന്നാൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന ഗൾഫ് മേഖലയിൽ നിന്ന്, മിസൈലുകളും യുദ്ധവിമാനങ്ങളും മരുഭൂമിയുടെ ആകാശത്തെ കീറിമുറിച്ച 1990 ൽ നടത്തിയ ദൗത്യവുമായി ഒരു സാമ്യതയുമില്ല വന്ദേഭാരതത്തിന്. 1990 ൽ ഇറാക്ക് അധിനിവേശത്തിൽ ഭയചകിതരായ ഒരു ലക്ഷത്തി എൺപതിനായിരം ഇന്ത്യക്കാരെയാണ് വി.പി. സിംഗ് ഗവൺമെന്റ് ഇന്ത്യയിലെത്തിച്ചത്.

മൊബൈൽ ഫോണോ ഇന്റർനെറ്റ് സൗകര്യങ്ങളോ ഇല്ലാത്ത കാലത്താണ് പതി​നായി​രക്കണക്കി​ന് ആളുകളെ ജോർദ്ദാന്റെ തലസ്ഥാനമായ അമ്മാനി​ൽ കരമാർഗം കൊണ്ടുവന്ന് അവി​ടെ നി​ന്ന് ഇന്ത്യയി​ൽ നി​ന്ന് പറന്നി​റങ്ങി​യ നൂറുകണക്കി​ന് വി​മാനങ്ങളി​ലായി​ ഓരോ ഇന്ത്യൻ എയർപോർട്ടുകളി​ലേക്കും തീർത്തും സൗജന്യമായി​ കൊണ്ടുചെന്നാക്കി​.

വന്ദേഭാരത് ഒരു സൗജന്യ സർവീസ് അല്ലെന്ന് മാത്രമല്ല താരതമ്യേന ടിക്കറ്റ് ചാർജ് കൂടുതലുമാണ്. . ഇപ്പോൾ പതിനയ്യായിരം രൂപ മുതൽ പത്തൊമ്പതിനായിരം രൂപ വരെയാണ് വന്ദേഭാരത് ടിക്കറ്റ് നിരക്ക്. കഴിഞ്ഞ വർഷം ഈ ദിവസങ്ങളിൽ ഏഴായിരം രൂപ മുതൽ പതിനായിരം രൂപ വരെയായിരുന്നുവെന്നോർക്കുക. മൂന്നു ലക്ഷം പേരെ മടക്കി കൊണ്ടുവരുമ്പോൾ അവരുടെ ടിക്കറ്റ് സൗജന്യമാക്കിയാൽ മുന്നൂറ് കോടി രൂപ മതിയാകും.

നേരത്തേ സൂചിപ്പിച്ച അൻപതിനായിരം കോടിയോ അതിലധികമോ കെട്ടി കിടക്കുമ്പോൾ, വിദേശ വെൽഫെയർ ഫണ്ടിൽ കോടികൾ കിടക്കുമ്പോൾ ഇത്രയും അനീതി ഒരു ഗവൺമെന്റ് കാണിക്കുന്നതിന്റെ സാംഗത്യം മനസിലാകുന്നില്ല.

(അന്തർദേശീയ നിയമ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ് ലേഖകൻ. ഫോൺ: 9481739979)