തിരുവനന്തപുരം: പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർക്ക് കൊവിഡ് ബാധിച്ചിട്ടും സുരക്ഷയൊരുക്കാതെ കെ.എസ്.ആർ.ടി.സി വൻ വീഴ്ച വരുത്തിയെന്ന് പരാതി. രോഗബാധിതനായ ഡ്രൈവർ ഉപയോഗിച്ചിരുന്ന മുറിയും ബസുകളും ഡിപ്പോയും അണുവിമുക്തമാക്കിയില്ലെന്നാണ് ജീവനക്കാരുടെ പരാതി. ഡ്രൈവർക്കൊപ്പമുണ്ടായിരുന്ന കണ്ടക്ടറെ ക്വാറന്റീനിലാക്കിയിട്ടും അധികൃതർ വിവരങ്ങൾ അന്വേഷിച്ചില്ലയെന്നുമാണ് ആക്ഷേപം.
ബസുകൾ അണുവിമുക്തമാക്കിയശേഷം മാസ്കും സാനിറ്റൈസറും നൽകണമെന്നാവശ്യപ്പെട്ട് പാപ്പനംകോട് ഡിപ്പോയിലെ ജീവനക്കാർ ജോലിക്ക് കയറാതെ പ്രതിഷേധിച്ചു. രാവിലെ മുതൽ ഡിപ്പോയിൽ നിന്നുള്ള ഒരു സർവീസും ആരംഭിച്ചിട്ടില്ല. ജീവനക്കാരിൽ പലരും ഡ്യൂട്ടിക്കായി ഡിപ്പോയിൽ എത്തിയതുമില്ല. ഇതേ തുടർന്ന് മലയിൻകീഴ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വലിയ തോതിലുള്ള യാത്രക്ലേശമാണ് അനുഭവപ്പെടുത്. ഇന്നലെയാണ് തൃശൂർ സ്വദേശിയായ പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം ജീവനക്കാരുടെ സമരത്തെ തുടർന്ന് രണ്ട് ദിവസത്തേക്ക് ഡിപ്പോ അടച്ചു, അണു നശീകരണ പ്രവർത്തികൾക്കു ശേഷം ഡിപ്പോ തുറക്കുമെന്നും അധികൃതർ അറിയിച്ചു.