തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഒക്ടോബർ അവസാനമാണ് തിരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് പരിഗണിച്ച് വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ കൂടി നീട്ടാൻ ശുപാർശ ചെയ്യുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ വെളിപ്പെടുത്തി. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ വോട്ടെടുപ്പ് സമയം നിജപ്പെടുത്തണമെന്നാണ് കമ്മീഷന്റെ ശുപാർശ. ഇതിനായി പഞ്ചായത്ത് രാജ് മുനിസിപ്പാലിറ്റി നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. നിലവിൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് മണിവരെ 10 മണിക്കൂറാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സമയം. ഇത് ഏഴ് മുതൽ ആറ് വരെ 11 മണിക്കൂറാക്കി നീട്ടണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ. കൊവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കുന്നതിനു വേണ്ടിയാണിത്.
വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെങ്കിലും പട്ടികയിൽ പേരു ചേർക്കാൻ ഇനിയും രണ്ടവസരം കൂടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകും. സംവരണ വാർഡുകൾ ഇക്കുറിയും മാറും. കൊവിഡിനെ തുടർന്ന് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും മാറ്റം വരുത്തും.കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിനൊപ്പം വെർച്വൽ പ്രചാരണ സംവിധാനത്തിനാകും പ്രാധാന്യം നൽകുക.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ പകുതിയോടെ നടന്നില്ലെങ്കിൽ കൊവിഡ് കാലത്തെ ആദ്യ വിപുല തിരഞ്ഞെടുപ്പാകും കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ളത്. കൊവിഡ് ഭീതി തുടർന്നാൽ വെർച്വൽ കാമ്പയിൻ പോലുള്ള പുതിയ പ്രചാരണ രീതിക്കാകും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളം സാക്ഷ്യം വഹിക്കുക.നിലവിലെ ഷെഡ്യൂൾ പ്രകാരം ഒക്ടോബർ അവസാനം രണ്ട് ഘട്ടമായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്റെ പദ്ധതി. നവംബർ12ന് മുമ്പ് പുതിയ ഭരണ സമിതികൾ നിലവിൽവരണം.