കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സൂരജിനേയും രണ്ടാം പ്രതി സുരേഷിനേയും വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങി. ഉത്രയെ കൊലപ്പെടുത്താൻ സൂരജ് ഉപയോഗിച്ച പാമ്പിനെ പാമ്പ് പിടിത്തക്കാരൻ സുരേഷ് പിടിച്ചതായി പറയപ്പെടുന്ന ആറ്റിങ്ങൽ ആലംകോടാണ് പ്രതികളുമായി വനം വകുപ്പ് ഉദ്യേഗസ്ഥർ ആദ്യ തെളിവെടുപ്പിനെത്തിയത്. സുരേഷ് പാമ്പ് പിടിച്ചതായ സ്ഥലം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കാട്ടിക്കൊടുത്തു.
പാമ്പിനെ ഇവിടെ നിന്ന് സുരേഷ് പിടിച്ചുവെന്നതിന് പ്രദേശവാസികളുൾപ്പെടെയുള്ളവരിൽ നിന്ന് തെളിവ് ശേഖരിക്കാനും പിടിച്ച പാമ്പിനെ ഇയാൾ കൊണ്ടുപോയി എന്ന് ഉറപ്പാക്കുന്നതിനുമാണ് ഇവിടെ തെളിവെടുപ്പ് നടത്തുന്നത്. പ്രദേശം പാമ്പുകളുടെ സാന്നിദ്ധ്യമുള്ള സ്ഥലമാണെന്ന് ഉറപ്പാക്കാനും വനം വകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുപ്പിലൂടെ ഉദ്ദേശിക്കുന്നുണ്ട്.
ഉത്രയെ കൊല്ലാൻ അടൂർ പറക്കോട്ടെ വീട്ടിൽ നടന്ന ആദ്യശ്രമത്തിൽ സൂരജ് അണലിയെയാണ് ഉപയോഗിച്ചത്. ഇതിനെയും സുരേഷാണ് നൽകിയത്. അണലിയെ പിടികൂടിയ സ്ഥലവും തിരിച്ചറിയേണ്ടതും തെളിവെടുക്കേണ്ടതുമുണ്ട്. ഉത്രയുടെ കൊലപാതകം വരെ ഓരോ ദിവസവും ഇവർ ഇരുവരും പാമ്പിനെ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്ത എല്ലാവിവരങ്ങളും തെളിവെടുപ്പിലുൾപ്പെടും.
അനധികൃതമായി പാമ്പിനെ കൈവശം വച്ചു, പണത്തിന് കൈമാറി, പാമ്പിനെ തല്ലി കൊന്നു എന്നീ കേസുകളിൽ തെളിവെടുപ്പ് നടത്താനാണ് വനം വകുപ്പ് ആവശ്യപ്പെട്ട പ്രകാരം ഏഴ് ദിവസത്തേക്ക് ഇരുവരെയും കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പാമ്പിനെ സുരേഷ് സൂരജിന് കൈമാറിയ ഏനാത്ത്, അടൂർ പറക്കോട്ടെ വീട്, ഉത്രയുടെ വീട് എന്നിവിടങ്ങളിലും തെളിവെടുപ്പ് നടക്കും.അഞ്ചലിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിലായിരിക്കും പ്രതികളെ സൂക്ഷിക്കുക. പ്രതികൾക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് നേരത്തെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ ഒരുക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
അതേസമയം സൂരജിന്റെ സഹോദരിയെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തീരുമാനിച്ചു. ഈ ആഴ്ച തന്നെ ചോദ്യം ചെയ്യാനാണ് നീക്കം. കേസിന്റെ അന്വേഷണ പുരോഗതി സംസ്ഥാന പൊലീസ് മേധാവി വിലയിരുത്തി. അന്വേഷണ സംഘത്തിൽ പാമ്പിനെ കുറിച്ച് പഠനം നടത്തിയിട്ടുള്ള രണ്ട് വിദഗ്ദ്ധരെ ഉൾപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്.സൂരജിന്റെ സഹോദരിയെയും അമ്മയേയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും.