തിരുവനന്തപുരം :ആനാട്ടെ ആരോഗ്യപ്രവർത്തകയ്ക്കും വഞ്ചിയൂരിലെ ഗൃഹനാഥനും പിന്നാലെ നഗരത്തിൽ ട്രാൻ. ഡ്രൈവർക്കും മൊബൈൽഷോപ്പുടമയ്ക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് ഉറവിടമറിയാത്ത കൊവിഡ് കേസുകൾ പെരുകുന്നതായി ആശങ്ക.പാപ്പനംകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർക്കും നഗരത്തിൽ മൊബൈൽഷോപ്പ് നടത്തുന്ന മലപ്പുറം സ്വദേശിക്കുമാണ് നഗരത്തിൽ ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
തൃശൂർ സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ. വർക്കിംഗ് അറേഞ്ച്മെന്റിലാണ് ഇദ്ദേഹം പാപ്പനംകോട് എത്തിയത്. ലോക്ക്ഡൗണിന് ശേഷം ജൂൺ രണ്ടിന് തൃശൂരിൽ നിന്ന് ബൈക്കിൽ തിരുവനന്തപുരത്ത് എത്തി. ജൂൺ മൂന്ന് മുതൽ ജോലിയിൽ പ്രവേശിച്ചു. ജൂൺ 4ന് പാപ്പനംകോട് നിന്ന് ഒരു ഷെഡ്യൂളിൽ ജോലി ചെയ്തു. റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ നിരീക്ഷണ കേന്ദ്രത്തിലേക്കും തമിഴ്നാട് അതിർത്തിയിലും എത്തിച്ച ബസിൽ ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഞായറാഴ്ച രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്നാണ് സ്രവ പരിശോധന നടത്തിയത്. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരെ നാട്ടിലെത്തിക്കാനുള്ള ഡ്യൂട്ടിയ്ക്കിടെയാകാം ഡ്രൈവർക്ക് രോഗബാധയുണ്ടായതെന്നാണ് കരുതുന്നത്. കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡ്രൈവറിൽ നിന്നും ഇയാൾ ഡ്യൂട്ടി ചെയ്ത ബസുകളെയും റൂട്ടുകളെയും സംബന്ധിച്ച വിവരവും സമ്പർക്കംപുലർത്തിയവരുടെ വിവരങ്ങളും ശേഖരിച്ചുവരികയാണ്.
തിരുവനന്തപുരത്ത് മൊബൈൽ കട നടത്തുന്ന മലപ്പുറം സ്വദേശിയായ 28 കാരനും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. മെയ് 27 ന് മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇദ്ദേഹത്തിന് രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഞായറാഴ്ചയാണ് സ്രവ പരിശോധന നടത്തിയത്. മെയ് 27മുതൽ ഇയാളുടെ കടയിൽ വന്നുപോയവരും സഹകരിച്ചവരും സമീപവാസികളുമുൾപ്പെടെ വിപുലമായ സമ്പർക്കപ്പട്ടികയാണ് ഇയാൾക്കുള്ളത്. കടയിലെ രജിസ്റ്ററിൽ നിന്നുള്ള പേര് വിവരങ്ങളും കടയുടമയുടെ മൊഴിപ്രകാരവും ഞായറാഴ്ച വരെ ഇയാളുമായി അടുത്ത് ഇടപഴകിയ ഏതാണ്ട് നൂറോളം പേരെയാണ് ആരോഗ്യവകുപ്പ് തിരിച്ചറിഞ്ഞത്. ഇവരോടെല്ലാം ക്വാറന്റീൻ പാലിക്കാൻ നിർദേശിച്ച് കഴിഞ്ഞു. ട്രാൻ.ഡൈവർക്കും മൊബൈൽ ഷോപ്പുടമയ്ക്കും പുറമേ ചെന്നൈയിൽ നിന്നെത്തിയ വർക്കല സ്വദേശികളായ 30 വയസുകാരിക്കും 2 വയസുള്ള കുഞ്ഞിനുമാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്.
രണ്ട് ദിവസം മുമ്പ് ആനാട് ആരോഗ്യ പ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ച സംഭവത്തിലും വഞ്ചിയൂരിൽ ഹൃദ്രോഗത്തിന് ചികിത്സിലായിരുന്ന എസ്.രമേശൻ കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല.
മരണപ്പെട്ട ശേഷം രോഗം സ്ഥിരീകരിച്ച വഞ്ചിയൂർ സ്വദേശി എസ്.രമേശന്റെ മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പ്രകാരം ഇന്നലെ സംസ്കരിച്ചു. തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്കാരം. അതേസമയം ശ്വാസകോശ സംബന്ധമായ രോഗവുമായി എത്തിയിട്ടും ചികിത്സാവേളയിൽ രമേശന്റെ സ്രവ പരിശോധന നടത്താത്തതിൽ ജില്ലാ കളക്ടർ നവജ്യോത് ഖോസ മെഡിക്കൽ കോളജിനോടും,ജനറൽ ആശുപത്രിയോടും വിശദീകരണം തേടിയിട്ടുണ്ട്. ഫീൽഡ് ഹെൽത്ത് വിസിറ്റിംഗിന്റെ ഭാഗമായി വിപുലമായ സമ്പർക്ക പട്ടികയുടെ ഉടമയാണ് ആനാട്ടെ ആരോഗ്യ പ്രവർത്തക. സംസ്ഥാനത്ത് ആദ്യ കൊവിഡ് മരണമുണ്ടായ പോത്തൻകോട്ടെ റിട്ട. എ.എസ്.ഐ, അടുത്തിടെ മരിച്ച നാലാഞ്ചിറയിലെ വൈദികൻ എന്നിവരുടെ രോഗബാധയും എവിടെനിന്നെന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമില്ലാത്ത സാഹചര്യം തലസ്ഥാന നഗരിയിൽ സമൂഹവ്യാപനത്തിന്റെ ആശങ്കകളാണ് സൃഷ്ടിക്കുന്നത്.