ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷം അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ഗൗരവത്തോടെയാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. ഏഷ്യയിലെ രണ്ട് വൻശക്തികൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഐക്യരാഷ്ട്രസഭയും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളും കടുത്ത ആശങ്കയാണ് രേഖപ്പെടുത്തിയത്. സമാധാനപരമായ പരിഹാരം വേണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രതികരണത്തിനായി രാജ്യം കാത്തിരിക്കെയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലെ റിപ്പോർട്ടിംഗ് ശ്രദ്ധേയമാകുന്നത്.
വാഷിംഗ്ടൺ പോസ്റ്റ് എഴുതിയത് ഇങ്ങനെയാണ് “ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളായ ഇന്ത്യയും ചൈനയും 1962ലെ യുദ്ധത്തിന് ശേഷം അതിർത്തികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിച്ചു. എന്നിരുന്നാലും, അടുത്ത ആഴ്ചകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചു. ഇന്ത്യൻ, ചൈനീസ് സൈനികർ സംഘർഷത്തിൽ ഏർപ്പെട്ടു. അതിർത്തിയിൽ ഡസൻ കണക്കിന് സൈനികർക്ക് പരിക്കേറ്റു. ”
“വളരെക്കാലമായുള്ള നിലപാടുകൾ തമ്മിലുള്ള അന്തരം സംഘട്ടനത്തിന് ആക്കം കൂട്ടുന്നുവെന്നും ചൈന പ്രത്യേകിച്ചും കടുത്ത നിലപാട് സ്വീകരിച്ചുവെന്നും അതിർത്തിയിലേക്ക് അവർ ആയുധങ്ങൾ അയച്ചുവെന്നുമാണ്” ന്യൂയോർക്ക് ടൈംസ് എഴുതിയിരിക്കുന്നത്. “ഇരു രാജ്യങ്ങളും അവരുടെ ദേശീയ നേതാക്കളായ ചൈനയുടെ പ്രസിഡന്റ് സിൻ ജിൻപിംഗും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടുതൽ കൂടുതൽ ഉറച്ച നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. ഇത് സംഘർഷത്തിന്റെ യഥാർത്ഥ അപകടസാദ്ധ്യതകൾ നിയന്ത്രണാതീതമാകുമെന്ന്” കൂടി ന്യൂയോർക്ക് ടൈംസ് കൂട്ടിച്ചേർത്തു.
“രണ്ട് ന്യൂക്ലിയർ സായുധ അയൽക്കാർക്കും 3,440 കിലോമീറ്ററിലധികം (2,100 മൈൽ) നീളമുള്ള അതിർത്തിയുണ്ട്. മോശമായി വരച്ച യഥാർത്ഥ നിയന്ത്രണ രേഖയിൽ പട്രോളിംഗ് പലപ്പോഴും അതിരുകടക്കാറുണ്ട്. ഇത് ഇടയ്ക്കിടെയുള്ള കലഹങ്ങൾക്ക് കാരണമാകുന്നു. എന്നാൽ നാല് പതിറ്റാണ്ടിനിടെ വെടിയുണ്ടകളൊന്നും പ്രയോഗിച്ചിട്ടില്ല. അതുകൊണ്ടാണ് മാസങ്ങളോളം നീണ്ട പിരിമുറുക്കത്തെത്തുടർന്ന് ഏറ്റവും പുതിയ ഏറ്റുമുട്ടൽ പലരെയും ആശ്ചര്യപ്പെടുത്തിയത്.” എന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
“രണ്ട് ആണവായുധ രാജ്യങ്ങളുടെ സൈന്യം പരസ്പരം ഏറ്റമുട്ടുമ്പോൾ രക്തരൂക്ഷിതമായ ഒരു സംഭവം ദേശീയത വിപുലീകരിക്കുമ്പോൾ ഉയർത്തുന്ന നിരന്തരമായ അപകടങ്ങൾ ഉയർത്തിക്കാട്ടുന്നു.” എന്നാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഇന്ത്യ-ചൈന സംഘർഷം അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതോടെ വിദേശ മാദ്ധ്യമങ്ങളിൽ വരും ദിവസങ്ങളിൽ വിഷയവുമായി ബന്ധപ്പെട്ട ലേഖനങ്ങളും റിപ്പോർട്ടുകളും ഏറെ ശ്രദ്ധപിടിച്ച് പറ്റും. മാദ്ധ്യമവാർത്തകൾക്കൊപ്പം തന്നെ ലോകനേതാക്കളുടെ പ്രതികരണത്തിനുമായി കാത്തിരിക്കുകയാണ് ഇരു രാജ്യങ്ങളും.