ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം കുത്തനെ കൂടി. കഴിഞ്ഞ 24 മണിക്കൂറിൽ 2003 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതുതായി രജിസ്റ്റർ ചെയ്തത്. ഇതാദ്യമായാണ് ഇത്രയും കൊവിഡ് മരണങ്ങൾ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും രേഖപ്പെടുത്താതിരുന്ന നിരവധി മരണങ്ങൾ കണക്കിൽ ചേർത്തതാണ് മരണസംഖ്യ ഇത്രകൂടാൻ കാരണമായെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന സൂചന. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 11,903 ആയി ഉയർന്നു.
അതേസമയം രാജ്യത്ത് 24 മണിക്കൂറിൽ 10,974 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷം കടന്നു. 3,54,065 കൊവിഡ് കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ 1,55,227 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയിൽ പുതുതായി രേഖപ്പെടുത്തിയ മരണങ്ങളടക്കം കൊവിഡ് മരണങ്ങൾ 5537 ആയി. 11,33445 പേർക്ക് ഇതുവരെ രോഗം സ്ഥിരീക്കുകയും ചെയ്തു. ഡൽഹിയിൽ 1837 മരണമാണ് ഉണ്ടായിട്ടുള്ളത്. 44688 പേർക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. 24,577 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 1533 മരണവും 48019 രോഗികളുള്ള തമിഴ്‌നാട്ടിൽ 528 മരണവും റിപ്പോർട്ട് ചെയ്തു.