തിരുവനന്തപുരം: പാപ്പനംകോട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം ന്യായമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. ജീവനക്കാർ ഉന്നയിക്കുന്ന സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കും. കൊവിഡ് ഡ്യൂട്ടിയിലുള്ളവർക്ക് മതിയായ സുരക്ഷ ഒരുക്കും. ബസുകളിൽ ഡ്രൈവർമാർക്ക് പ്രത്യേക ക്യാബിൻ ഒരുക്കുമെന്നും സമരം പിൻവലിക്കണമെന്നും ഗതാഗത മന്ത്രി സമരം നടത്തുന്ന ജീവനക്കാരോട് ആവശ്യപ്പെട്ടു.
രോഗം സ്ഥിരീകരിച്ച പാപ്പനംകോട് ഡിപ്പോ അണുവിമുക്തം ആക്കാൻ തീരുമാനമായി. രണ്ട് ദിവസത്തേക്ക് ഡിപ്പോ അടച്ചു, അണുനശീകരണ പ്രവർത്തികൾക്കു ശേഷം ഡിപ്പോ തുറക്കും. രണ്ടാംനിര സമ്പർക്ക പട്ടികയിലും ജീവനക്കാർ ഉൾപ്പടെ നിരവധി പേരുൾപ്പെട്ടിട്ടുണ്ട്. ഡ്രൈവർ ഭക്ഷണം കഴിച്ച ഹോട്ടലുകൾ കണ്ടെത്തി അണുവിമുക്തം ആക്കും. വേണ്ടി വന്നാൽ അടച്ചിടുമെന്നും അധികൃതർ അറിയിച്ചു.
പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർക്ക് കൊവിഡ് ബാധിച്ചിട്ടും സുരക്ഷയൊരുക്കാതെ കെ.എസ്.ആർ.ടി.സി വൻ വീഴ്ച വരുത്തിയെന്നായിരുന്നു ജീവനക്കാരുടെ പരാതി. രോഗബാധിതനായ ഡ്രൈവർ ഉപയോഗിച്ചിരുന്ന മുറിയും ബസുകളും ഡിപ്പോയും അണുവിമുക്തമാക്കിയില്ലെന്നായിരുന്നു ജീവനക്കാരുടെ ആരോപണം. ഡ്രൈവർക്കൊപ്പമുണ്ടായിരുന്ന കണ്ടക്ടറെ ക്വാറന്റീനിലാക്കിയിട്ടും അധികൃതർ വിവരങ്ങൾ അന്വേഷിച്ചില്ലയെന്നും ആക്ഷേപമുണ്ടായിരുന്നു.
ബസുകൾ അണുവിമുക്തമാക്കിയശേഷം മാസ്കും സാനിറ്റൈസറും നൽകണമെന്നാവശ്യപ്പെട്ട് പാപ്പനംകോട് ഡിപ്പോയിലെ ജീവനക്കാർ ജോലിക്ക് കയറാതെ ഇന്ന് രാവിലെ മുതൽ പ്രതിഷേധിക്കുകയായിരുന്നു. രാവിലെ മുതൽ ഡിപ്പോയിൽ നിന്നുള്ള ഒരു സർവീസും ആരംഭിച്ചിരുന്നില്ല. ജീവനക്കാരിൽ പലരും ഡ്യൂട്ടിക്കായി ഡിപ്പോയിൽ എത്തിയില്ല. ഇതേ തുടർന്ന് മലയിൻകീഴ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വലിയ തോതിലുള്ള യാത്രക്ലേശമാണ് അനുഭവപ്പെടുന്നത്. ഇന്നലെയാണ് തൃശൂർ സ്വദേശിയായ പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.