nepal

കാഡ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പരിഷ്ക്കരിക്കാനുള്ള ഭരണഘടന ഭേദഗതി ബിൽ നേപ്പാൾ പാർലമെന്റിന്റെ ഉപരിസഭയിൽ ഇന്ന് അവതരിപ്പിക്കും. അതിർത്തി പ്ര‌ശ്‌നവുമായി ബന്ധപ്പെട്ട് സമവായ ചർച്ചകൾക്കായി ഇന്ത്യ നീക്കം നടത്തുന്നതിനിടയിലാണ് നേപ്പാളിന്റെ ഭാഗത്തു നിന്ന് പ്രകോപനപരമായ നടപടിയുണ്ടാകുന്നത്. നേപ്പാൾ ദേശീയ അസംബ്ലിയിൽ ഏകകണ്ഠമായി ബിൽ പാസാക്കുമെന്നാണ് സൂചന.

നേപ്പാളിലെ അധോസഭയായ ജനപ്രതിനിധി സഭ ജൂണ്‍ 13ന് ബില്ലിന് അംഗീകാരം നൽകിയിരുന്നു. പ്രസിഡന്റ് അംഗീകരിക്കുക കൂടി ചെയ്താൽ ഭൂപട പരിഷ്ക്കരണത്തിന് നിയമപരമായ പ്രാബല്യം ലഭിക്കും. ഉത്തരാഖണ്ഡിന്റെ ഭാഗങ്ങളായ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ പ്രദേശങ്ങൾ സ്വന്തമാണെന്ന് അവകാശപ്പെട്ടാണ് നേപ്പാൾ ഭൂപടം പരിഷ്ക്കരിക്കുന്നത്.